നെടുമ്പാശേരി: മഹാപ്രളയത്തിനിടെ പള്ളിക്കെട്ടിടത്തിന് മുകളിൽ നിന്ന് ഹെലികോപ്ടറിൽ പറന്ന് ആശുപത്രിയിലെത്തിയ സാജിതയ്ക്ക് പിറന്ന മുഹമ്മദ് സുബ്ഹാന് ഒന്നാം പിറന്നാൾ ദിനത്തിൽ വീട്ടിലെത്തി ആശംസനേരാൻ രക്ഷകരെത്തി. ഫ്ളൈറ്റ് കമാൻഡർ വിജയ് വർമയും ഡോ. തമന്നയും എത്തിയത് പിറന്നാൾ ആഘോഷത്തിന് ഇരട്ടി മധുരമായി.
ചെങ്ങമനാട് കളത്തിങ്കൽ ജബിലിന്റെ പൂർണ ഗർഭിണിയായ ഭാര്യ സാജിതയെ പ്രസവ അസ്വസ്ഥതകളെ തുടർന്നാണ് സാഹസികമായി എയർ ലിഫ്റ്റിംഗിലൂടെ കഴിഞ്ഞവർഷം കൊച്ചി നാവിക ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയിലെത്തിക്കുന്നത്. പ്രളയത്തിന്റെ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയ നാവികസേനയുടെ പ്രധാന നേട്ടങ്ങളിലൊന്നായി പിന്നീടത് മാറി. ചൊവ്വരയിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ ക്യാമ്പിൽ പൂർണ ഗർഭിണിയുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് വിജയ് വർമയുടെ നേതൃത്വത്തിൽ നേവി സംഘമെത്തിയത്.
സാധാരണ റെയിൽവേ ലൈൻ, റോഡുകൾ ഇത്തരം കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞാണ് ലൊക്കേഷൻ മാർക്ക് ചെയ്യുക. പക്ഷേ ചുറ്റും വെള്ളം മൂടിയിരുന്നതിനാൽ ഇതെല്ലാം ബുദ്ധിമുട്ടായിരുന്നു. മസ്ജിദിന്റെ അടയാളം മാത്രമായിരുന്നു ഏക പോംവഴി.
മസ്ജിദിന്റെ മുകളിൽ വട്ടമിട്ടു പറന്ന ഹെലികോപ്ടറിൽ ഇരുന്ന് ഗർഭിണിയുണ്ടോയെന്ന് ആംഗ്യഭാഷയിൽ ടെറസിൽ നിന്നവരോട് ചോദിച്ചറിഞ്ഞാണ് സാജിതയെ കണ്ടെത്തുന്നത്. ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ പറ്റാത്തതിനാൽ കയറിൽ തൂങ്ങി ഡോക്ടറും കമാൻഡറും ഇറങ്ങി. ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന നിർദ്ദേശമാണ് ഡോക്ടർ നൽകിയത്. തുടർന്ന് സാജിതയെ എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ ഡോ. തമന്നയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കാത്തുനിന്നിരുന്നു. ഉച്ചയ്ക്ക് 2.15 ന് സാജിത ആൺകുഞ്ഞിന് ജന്മമേകി. നേവി ഉദ്യോഗസ്ഥരാണ് മുഹമ്മദ് സുബ്ഹാൻ എന്ന പേരിട്ടത്. സുബ്ഹാന് കുട്ടിയുടുപ്പുമായാണ് ഇന്നലെ വൈകിട്ട് രക്ഷകരെത്തിയത്.
1993 ൽ പ്രതിരോധസേനയിൽ ചേർന്ന വിജയ് വർമ ഏറ്റവും വെല്ലുവിളി നേരിട്ട രക്ഷാപ്രവർത്തനം സാജിതയുടെ എയർ ലിഫ്റ്റിംഗ് തന്നെയായിരുന്നുവെന്ന് പറയുന്നു. ഇലക്ട്രിക് ലൈനുകളിലൂടെയും മറ്റു കെട്ടിടങ്ങളുടെയും ഇടയിലൂടെ പൊക്കിയെടുക്കുക പ്രയാസമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിച്ചതിനാൽ എല്ലാം ശുഭപര്യവസായിയായെന്ന് വിജയ് പറയുന്നു.
ജബിൽ സാജിത ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് സുബ്ഹാൻ. നഈം, നുഐം എന്നിവരാണ് മറ്റ് മക്കൾ.