ആലുവ: ആലുവ അദ്വൈതാശ്രമം, സെന്റ് ജോസഫ് പ്രൊവിഷ്യൻ ഹൗസ്, അൽ അൻസാർ മസ്ജിദ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'മലബാറിന് ആലുവയുടെ കൈത്താങ്ങ്' എന്ന സന്ദേശമുയർത്തി ശേഖരിച്ച ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും നിറച്ച രണ്ട് ലോറികൾ വയനാട്ടിലേക്ക് തിരിച്ചു. ഇന്നലെ വൈകിട്ട് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി. കെമാൽപാക്ഷ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ 'കുട്ടനാടിനൊരു കൈത്താങ്ങ്' എന്ന പേരിൽ ഇതേകൂട്ടായ്മ സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളും പൊതുസമൂഹം ഏറ്റെടുത്തിരുന്നു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ആലുവ അൽ അൻസാർ മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി, ചൂണ്ടി സെന്റ് ജോസഫ്‌സ് പ്രൊവിഷ്യൽ ഹൗസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ടോമി ആലുങ്കൽ കരോട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏകോപനം.