syro-malabar-church

കൊച്ചി : കർദ്ദിനാളിനെതിരെ ആരോപണങ്ങളും പ്രതിഷേധവുമായി വൈദികരും വിശ്വാസികളും പരസ്യമായി തെരുവിൽ ഇറങ്ങിയതുൾപ്പെടെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന സീറോ മലബാർ സഭയുടെ നിർണായക സിനഡ് യോഗം ഇന്നാരംഭിക്കും. ബിഷപ്പുമാരുടെ സമ്മേളനമായ 27-ാമത് വാർഷിക സിനഡ് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 11 ദിവസം നീളും.

63 മെത്രാന്മാരിൽ 57 പേർ പങ്കെടുക്കും. അനാരോഗ്യവും പ്രായാധിക്യവും മൂലം ആറു പേർക്ക് എത്താനാവില്ല.

ഇന്നുച്ചകഴിഞ്ഞ് 2.30 ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ചർച്ചകളാണ് പ്രധാന അജൻഡകളിൽ ഒന്ന്. അതിരൂപതയിലെ സ്ഥലമിടപാടിനെച്ചൊല്ലി ഒരുവിഭാഗം വൈദികർ ഉന്നയിച്ച ആരോപണങ്ങൾ, അതിന്മേൽ നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ എന്നിവ ചൂടുള്ള ചർച്ചകൾക്ക് വഴിതെളിക്കും. കർദ്ദിനാളിനെതിരെ അതിരൂപതാ ആസ്ഥാനത്ത് വൈദികർ നടത്തിയ പ്രതിഷേധ ഉപവാസം, അതിരൂപതയ്ക്ക് സ്വതന്ത്ര ഭരണച്ചുമതലയുള്ള പ്രത്യേക ബിഷപ്പിനെ നിയോഗിക്കാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥ എന്നിവ സംബന്ധിച്ചും തീരുമാനമെടുക്കും. സമരം ചെയ്ത വൈദികർക്കെതിരെ നടപടിക്കും സാദ്ധ്യതയുണ്ട്.

വിശ്വാസികൾക്ക് ഒരു ദിവസം

ആഗസ്റ്റ് 26 ന് വിവിധ രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ സമ്മേളനത്തിൽ പങ്കെടുക്കും. ആദ്യമായാണ് സിനഡിൽ ഒരു ദിവസം പൂർണമായി വിശ്വാസികളുടെ നേതാക്കളുമായി ബിഷപ്പുമാർ ചർച്ച നടത്തുന്നത്. സന്യാസ സമൂഹങ്ങളുടെ മേലധികാരികളുമായും ഒരു ദിവസം ചർച്ചയാണ്ടാകും.

സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ 11 ദിവസം നീളുന്ന സിനഡ് സമ്മേളനം ചർച്ച ചെയ്യും. സഭയുടെ കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ, വൈസ് ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി.