കൊച്ചി: അഞ്ചുവർഷം മുമ്പ് കേരളത്തിൽ പുതുതായി ചികിത്സ തേടിയെത്തിയിരുന്ന കാൻസർ രോഗികളുടെ എണ്ണം 25,000 ആയിരുന്നുവെങ്കിൽ ഇന്നത് ഇരട്ടിയാണ്. എന്നിട്ടും അഞ്ചാണ്ട് മുമ്പ് തറക്കല്ലിട്ട കൊച്ചി കാൻസർ റിസർച്ച് സെന്റർ ഇന്നും കയ്യെത്താ ദൂരത്താണ്.
മധ്യകേരളത്തിലൊരു കാൻസർ റിസർച്ച് സെന്റർ ഇവിടെയുള്ളവരുടെ മാത്രം സ്വപ്നമായിരുന്നില്ല. ലക്ഷദ്വീപ് നിവാസികളുടെ ഉൾപ്പടെ കാത്തിരിപ്പായിരുന്നു. രണ്ടുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാൻസർ ഗവേഷണ കേന്ദ്രമെന്ന അന്നത്തെ ഭരണാധികാരികളുടെ വാഗ്ദാനം മാത്രം ബാക്കിയാക്കി കാൻസർ സെന്റർ ഇഴച്ചിൽ തുടരുകയാണ്. മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഒ.പി വിഭാഗവും കീമോ തെറാപ്പി വിഭാഗവുമല്ലാതെ മറ്റൊന്നുമില്ല എടുത്തുപറയാനുള്ള വളർച്ച.
അന്തരിച്ച ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷ്ണയ്യർ മൂവ്മെന്റിന്റെ ശ്രമഫലമായി 2014 ആഗസ്റ്റ് 18ന് ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊച്ചി കാൻസർ സെന്ററിന് തറക്കല്ലിട്ടത്. പിന്നീട് 2016ൽ എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തറക്കല്ലിട്ടു. രണ്ട് മുഖ്യമന്ത്രിമാരും തറക്കല്ലിടൽ ദിവസം വാഗ്ദാനം ചെയ്തത് രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുന്ന കാൻസർ സെന്റർ ആണ്.
അടുത്ത ജൂലായിൽ പൂർത്തിയാക്കുമെന്ന് കണക്ക് കൂട്ടിയ കെട്ടിടം പണി ഇതുവരെ നടന്നത് വെറും പതിനൊന്ന് ശതമാനം മാത്രം!
ലക്ഷ്യം
കിഫ്ബിയിൽ നിന്നുള്ള 385 കോടിയിൽ 400 കിടക്കകളോടെയുള്ള ആശുപത്രി സമുച്ചയം
12 ഏക്കർ സ്ഥലത്ത് അഞ്ച് ലക്ഷം ചതുരശ്രയടിയിൽ കെട്ടിടം
ശസ്ത്രക്രിയകൾക്കായി എട്ട് തിയേറ്ററുകൾ
ന്യൂക്ലിയർ മെഡിസിൻ വിഭാഗം
റേഡിയേഷൻ ഓങ്കോളജി
കേന്ദ്രീകൃത എയർ കണ്ടീഷനിംഗ്
24 മണിക്കൂർ വൈദ്യുതി
350 കാറുകൾക്കുള്ള പാർക്കിംഗ്
നേട്ടങ്ങൾ
മാമ്മോഗ്രാം യൂണിറ്റ്
അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ
ഒ.പി ചികിത്സ
കോട്ടങ്ങൾ
ഇഴയുന്ന കെട്ടിടം പണി
തുറക്കാത്ത ഓപ്പറേഷൻ തീയേറ്റർ
ആരംഭിക്കാനാവാത്ത കിടത്തി ചികിത്സ