കൊച്ചി : തകർന്നുകിടന്ന തമ്മനം - പുല്ലേപ്പടി റോഡ് വെള്ളപ്പൊക്കത്തിലും തോരാമഴയിലും തരിപ്പണമായി. ഈ റോഡിലൂടെയുള്ള യാത്ര നരകതുല്യമാണിപ്പോൾ. റോഡും പാലവും തകർന്നതോടെ കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര ദുരിതമയമായി.
ദിവസവും നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുഴികൾ നിറഞ്ഞ് കിടന്ന രണ്ടു കിലോമീറ്ററോളം ഭാഗം തോരാമഴയിൽ ഇമ്മിണി ബല്യ വലിയ കുഴികളായി മാറി. മെട്രോ റെയിൽ പണികളുടെ മുന്നോടിയായി ടാർ ചെയ്ത റോഡ് ഏകദേശം ഒരു വർഷത്തിനു മുമ്പ് കെ.എസ്.ഇ.ബി ക്കുവേണ്ടി വീണ്ടും കുഴിച്ചു.മഴയ്ക്കു മുമ്പ് നന്നാക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെ റോഡ് നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. കുഴികൾ കാരണം വാഹനങ്ങൾക്ക് ഒച്ചിഴയും വേഗമാണ്. പലയിടത്തും ടാറിന്റെ അംശം പേരിന് പോലും കാണാനില്ല.
കുഴി അടക്കുന്നത് ഓട്ടോ തൊഴിലാളികൾ
ഓട്ടോറിക്ഷ തൊഴിലാളികളാണു സ്വന്തം നിലയ്ക്കു കുഴി അടയ്ക്കുന്നത്. തമ്മനം പുല്ലേപ്പടി റോഡിൽ ഓട്ടം വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥ വന്നതോെടയാണ് ഓട്ടോ ഡ്രൈവർമാർ മുന്നിട്ടിറങ്ങിയത്. ഒട്ടേറെ സമരങ്ങളിലൂടെയാണ് 2007ൽ പുല്ലേപ്പടി പാലം യാഥാർഥ്യമായത്. പാലം വന്നതല്ലാതെ പാലത്തിൽ എത്താൻ ഈ ഭാഗത്തു റോഡുകളില്ല.
7 മീറ്റർ വീതി പോലുമില്ലാത്ത തമ്മനം - പുല്ലേപ്പടി റോഡിൽ രണ്ടു വലിയ വാഹനങ്ങൾ എതിരേ വന്നാൽ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് എസ്.എ റോഡിനു സമാന്തരമായി റോഡ് പദ്ധതി വിഭാവനം ചെയ്തത്. സൗത്തും നോർത്തും പാലങ്ങൾ മാത്രമുണ്ടായിരുന്ന കാലത്താണു പുല്ലേപ്പടി പാലവും അനുബന്ധ റോഡും എന്ന ആശയം വന്നത്. റോഡ് കൃത്യസമയത്ത് അറ്റകുറ്റപണി പൂർത്തിയാക്കിയിരുന്നുവെങ്കിൽ എസ്.എ റോഡിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമായിരുന്നു.
എം.ജി റോഡിൽ പത്മയിൽ ആരംഭിച്ച് കതൃക്കടവ്, കാരണക്കോടം, തമ്മനം, ചക്കരപ്പറമ്പ് വഴി ദേശീയപാതയിൽ എത്തുന്ന റോഡാണ് തകർന്നത്.
ടെെൽ വിരിച്ച് സഞ്ചാര യോഗ്യമാക്കും
പുല്ലേപ്പടി - തമ്മനം റോഡ് ഉടൻ സഞ്ചാര്യയോഗ്യമാക്കുമെന്നും വാട്ടർ അതോറിട്ടിയുടെ പൈപ്പ് സ്ഥാപിക്കൽ ജോലികൾ കഴിയാതിരുന്നതുകൊണ്ടാണ് മഴയ്ക്ക് മുമ്പ് റോഡ് നന്നാക്കാൻ കഴിയാത്തത് . ഒരു മാസത്തിനുള്ളിൽ റോഡ് പൂർണമായും ടെെൽ വിരിച്ച് ഗതാഗതയോഗ്യമാക്കും.
പൂർണ്ണിമ നാരായണൻ ,കോർപ്പറേഷൻ കൗൺസിലർ