ksrtc
ആലുവ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിൻെറ പുതുക്കിയ രൂപരേഖ

ആലുവ: കെ.എസ്.ആർ.ടി.സി ഡിപ്പോ പൂർണ്ണമായി പൊളിച്ച് നീക്കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും പണി​ അനി​ശ്ചി​തത്വത്തി​ൽ തന്നെ. സർക്കാർ അനുവദിച്ച തുക മതിയാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് പുതിയ പ്ലാൻ തയ്യാറാക്കിയെങ്കി​ലും മലിനീകരണ നിയന്ത്രണ ബോർഡിൻെറ അനുമതി ലഭിച്ചി​ട്ടി​ല്ല. തറക്കല്ലിടൽ നീളുകയാണ്.

പുതിയ പ്ലാനിൽ കടമുറികളുടെ എണ്ണം കുറയുമെങ്കിലും പാർക്ക് ചെയ്യാനാകുന്ന ബസുകളുടെ എണ്ണം കൂട്ടാനാകും. 20 ബസുകൾക്ക് പകരം 31 ബസുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനാകും. ഇംഗ്ലീഷ് അക്ഷരമാലയായ ടി ആകൃതിയിലുള്ള ആദ്യ പ്ലാനിലെ കെട്ടിടത്തിൽ മാറ്റം വരുത്തി ഐ ഘടനയാണ് നൽകിയിരിക്കുന്നത്. രണ്ടു നിലയിലായി 35,000 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന് വിസ്തീർണ്ണം ആദ്യം തയ്യാറാക്കിയത്. ഇതിൽ അൽപ്പം കുറവ് വരും. ആദ്യ പ്ലാനിലെ 55 കടമുറികളിൽ 30 എണ്ണമായി ചുരുങ്ങും. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിർമ്മിച്ച കെട്ടിടങ്ങളിലെ കടമുറികളിൽ നിന്ന് പ്രതീക്ഷിച്ചത്ര വരുമാനം കിട്ടി​യി​ട്ടി​ല്ല. പദ്ധതിത്തുക കൂട്ടാതെ പ്ലാൻ വെട്ടിക്കുറയ്ക്കാൻ കാരണംഇതാണ്.

യാത്രക്കാർ പെരുവഴിയിൽ
കെട്ടിടം ഇടിച്ചു കളഞ്ഞതോടെ യാത്രക്കാർ പെരുവഴിയിലായി​. തുടർന്ന് തിരുവനന്തപുരം കിഴക്കേക്കോട്ട മാതൃകയിൽ കാത്തിരിപ്പു കേന്ദ്രവും ബസ് ബേയും നിർമ്മിക്കാൻ തീരുമാനമായി. ടെർമിനൽ ഇതിന് പിന്നിലായായാണ് നിർമ്മിക്കുക. ടെർമിനൽ നിർമ്മാണം പൂർത്തിയായാൽ കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കി പാർക്കിംഗ് ഗ്രൗണ്ട് ആക്കും