കൊച്ചി : സർക്കാർ പദ്ധതികളുമായി സഹകരിക്കാൻ തയ്യാറാകുന്നവരെ സ്വകാര്യം എന്നാക്ഷേപിച്ച് മാറ്റിനിറുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ മന്ത്രി വി. മുരളീധരൻ പറഞ്ഞു. എല്ലാ കാര്യങ്ങളും സർക്കാർ നടപ്പാക്കണമെന്ന് വാശി പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി ക്ലബ് കൊച്ചിൻ ഡൗൺടൗൺ കേരള മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച റോട്ടറി ഡിസ്ട്രിക്ട് 3201 ലീഡർഷിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
സർക്കാർ അല്ലാത്തതെല്ലാം സ്വകാര്യം എന്ന കേരളത്തിലെ ചിലരുടെ നിലപാട് തിരുത്തണം. രാജ്യത്തെ പ്രധാന പദ്ധതികളെല്ലാം പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കിയത്. നികുതി അടയ്ക്കുക മാത്രമല്ല പൗരന്റെ ഉത്തരവാദിത്വം. നാടിന്റെ വികസനത്തിന് സർക്കാരിനൊപ്പം പങ്കാളികളാകുന്നവരെ സ്വകാര്യം എന്ന് ആരോപിച്ച് മാറ്റിനിറുത്താനാവില്ല.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നെന്ന പരാതി ഉയർന്നപ്പോൾ താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് തന്നെയായിരിക്കുമെന്നും കൂടുതൽ സൗകര്യം ഒരുക്കാനും വികസന പദ്ധതികൾ നടപ്പാക്കാനും പങ്കാളിത്തം മാത്രമാണ് ഏർപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓഹരി വിറ്റഴിക്കലോ സ്വകാര്യവത്ക്കരണമോ അല്ലാത്ത നല്ല നടപടിയെ സ്വകാര്യവ്യക്തിയെന്ന് പറഞ്ഞു വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിച്ചത്.പത്ത് വർഷത്തേക്ക് റയിൽവെ പ്രഖ്യാപിച്ച പദ്ധതികൾ ബഡ്‌ജറ്റ് വിഹിതം മാത്രമുപയോഗിച്ചു നടപ്പാക്കാൻ ശ്രമിച്ചാൽ നൂറ് വർഷം കൊണ്ടും പൂർത്തിയാകില്ല. വിദേശ വിനോദസഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന ആധുനിക സൗകര്യങ്ങളോടെ ലക്ഷ്വറി ട്രെയിൻ നടത്തിപ്പിന് ഏജൻസിയെ എല്പിച്ചപ്പോൾ റെയിൽവേ സ്വകാര്യവത്ക്കരിക്കുന്നു എന്നായിരുന്നു ആരോപണമെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി പ്രഭാഷണം നടത്തി. റോട്ടറി പ്രവർത്തനങ്ങൾ അടങ്ങിയ കോഫി ടേബിൾ ബുക്ക് കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. റോട്ടറി കൊച്ചിൻ ഡൗൺടൗൺ പ്രസിഡന്റ് അഖിലേഷ് അഗർവാൾ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ പ്രസിഡൻറ് ജിബു പോൾ പ്രഭാഷണം നടത്തി. ലീഡ് 2019 ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ് സ്വാഗതവും ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി ആൽഗേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.