eldo-abraham

കൊച്ചി : സി.പി.ഐ ജില്ലാ കമ്മിറ്റി കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെയുള്ളവരെ ലാത്തിച്ചാർജ് ചെയ്ത സംഭവത്തിൽ എറണാകുളം സെൻട്രൽ എസ്.ഐ വിബിൻ ദാസിനെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ കളക്‌ടർ എസ്. സുഹാസ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് വിലയിരുത്തിയുള്ള റിപ്പോർട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും കഴിഞ്ഞ ദിവസം നൽകിയിരുന്നു. എന്നാൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നും സിറ്റി പൊലീസ് അഡിഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പ് അറിയിച്ചു. രണ്ട് റിപ്പോർട്ടുകളും പരിഗണിച്ചല്ല നടപടിയെന്നും പൊലീസ് വാദിക്കുന്നു.

ലാത്തിചാർജിൽ പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ല. എന്നാൽ വിബിൻദാസ് ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദം ലഭിക്കും മുമ്പേ ലാത്തിച്ചാർജ് നടത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ഐ.ജി കൂടിയായ കെ.പി. ഫിലിപ്പ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.

സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡി.വൈ.എഫ്.ഐക്കാർ ഞാറയ്‌ക്കലിൽ തടഞ്ഞത് നോക്കിനിന്ന സി.ഐ മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലായ് 23നാണ് ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. എൽദോ എബ്രഹാം എം.എൽ.എ, ജില്ലാ സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ ഉൾപ്പെടെ 20 ലധികം പ്രവർത്തകർക്കും അസി. കമ്മിഷണർ കെ. ലാൽജിയുൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.