വൈപ്പിൻ: സാമൂഹ്യ പരിഷ്‌കർത്താവും കവിയും പത്രാധിപരും മന്ത്രിയുമായിരുന്ന സഹോദരൻ അയ്യപ്പന്റെ 130ാം ജന്മവാർഷിക ആഘോഷം ജന്മദേശമായ ചെറായിയിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്യും.

22 ന് വൈകീട്ട് 3.30 ന് സഹോദരൻ ജന്മഗൃഹത്തിൽ കൂടുന്ന വാർഷിക ആഘോഷ സമ്മേളനത്തിൽ എസ്.ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സഹോദരൻ സ്മാരക കമ്മിറ്റി ചെയർമാൻ എം കെ സാനു ആമുഖപ്രസംഗം നടത്തും. പൂയപ്പിള്ളി തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.

ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്‌ക്കാരം മംഗളാനന്ദന് സമ്മാനിക്കും. സഹോദരൻ മാസികയുടെ ആദ്യകാല ലക്കങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരവും പൂയപ്പിള്ളി തങ്കപ്പൻ രചിച്ച 'സഹോദരൻ അയ്യപ്പൻ വിപ്ലവങ്ങളുടെ മാർഗദർശി ' എന്ന പുസ്തകവും ജസ്റ്റിസ് സുകുമാരൻ പ്രകാശനം ചെയ്യും. സ്മാരകം സെക്രട്ടറി മയ്യാറ്റിൽ സത്യൻ സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ.കെ.കെ.ജോഷി , പഞ്ചായത്ത് പ്രസിഡൻറ് പി.കെ രാധാകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് മെമ്പർ അയ്യമ്പിള്ളി ഭാസ്‌കരൻ , മുസിരിസ് പ്രോജക്ട്‌സ് മാനേജിംഗ് ഡയറക്ടർ പി.എം നൌഷാദ് , വാസന്തി സലീവൻ എന്നിവർ സംബന്ധിക്കും.