കൊച്ചി : പ്രളയം മൂലം ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി കൃഷി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഒഫ് അഗ്രികൾച്ചറൽ ഓഫീസേഴ്‌സ് കേരള (എ.ഒ.എ.ഒ.കെ.) എറണാകുളം ജില്ലാ ഘടകം. എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാഡിലാണ് വിപണന മേള ഒരുക്കിയിരിക്കുന്നു. പ്രളയത്തിൽ കൃഷിനാശം ഉണ്ടായ കർഷകരുടെ കൈവശമുള്ള നല്ല ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുകയാണ് ഇവിടെ. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് മികച്ച ആദായം നൽകാൻ ലക്ഷ്യമിട്ടാണ് പരിപാടി. ഇന്നലെ (ഞായറാഴ്ച)​ രാവിലെ 10 മണിയ്ക്ക് ആരംഭിച്ച വിപണന മേള സന്ദർശിക്കാനായി കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ എത്തി. പ്രളയം മൂലമുണ്ടായ ദുരിതത്തിൽ നിന്ന് കരകയറാൻ ഇത്തരമൊരു സംരംഭം കർഷകരെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലെയും കൃഷി ഓഫീസർമാർ നേരിട്ടെത്തി കർഷകരുടെ നഷ്ടകണക്കുകൾ ശേഖരിക്കുകയും ബാക്കിയുള്ള നല്ല ഉത്പന്നങ്ങൾ കണ്ടെത്തി സൗജന്യമായി വിപണന മേളയിലേക്ക് എത്തിക്കുകയുമായിരുന്നു. കരുമാല്ലൂർ, പറവൂർ, വൈപ്പിൻ മേഖലയിലെ കർഷകരാണ് മേളയിൽ എത്തിയിട്ടുള്ളത്. ഏത്തക്കായ, കുമ്പളങ്ങ, പടവലം, പീച്ചിൽ, കപ്പ, ചേന, കറിനാരങ്ങ, നാടൻ കോഴിമുട്ട, കടച്ചക്ക, തേങ്ങ, പൈനാപ്പിൾ, കുടംപുളി തുടങ്ങി നാല്പതോളം ഉത്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കും.