 'സസ്‌പെൻഷൻ' സി.പി.ഐയ്‌ക്ക് ആശ്വാസം

കൊച്ചി: സി.പി.ഐക്കാർ ഒരു തരത്തിൽ രക്ഷപ്പെട്ടുവെന്ന് പറയാം. എസ്.ഐയെ എങ്കിലും സസ്‌പെൻഡ് ചെയ്‌തല്ലോയെന്ന കച്ചിതുരുമ്പിൽ പിടിച്ച് തലയുയർത്താനാണ് നേതാക്കളുടെ ശ്രമം.അത്രയ്‌ക്കും പ്രതിരോധത്തിന്റെ പടുകുഴിയിലായിരുന്നു ജില്ലയിലെ സി.പി.ഐ നേതൃത്വം.

ഡി.ഐ.ജി ഓഫീസ് മാർച്ചിൽ പൊലീസിന്റെ അടി കിട്ടയതു മുതൽ ജില്ലയിലെ പാർട്ടിക്ക് ശനി ദശയായിരുന്നു. ജില്ലയിലെ പാർട്ടിയുടെ ‌‌ഏക എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈയ്‌ക്ക് പൊട്ടലേറ്റത് വിവാദമായപ്പോൾ 'വീട്ടിൽ കയറിയല്ലല്ലോ അടിച്ചത് സമരത്തിന് പോയിട്ടല്ലേയെന്ന' സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്കൊപ്പമല്ലെന്ന് വ്യക്തമായി. മുതിർന്ന നേതാക്കളൊന്നും ആശുപത്രിയിൽ പ്രവർത്തകരെ കാണാനെത്തിയുമില്ല. ആലുവ ഗസ്റ്റ് ഹൗസിൽ വച്ച് എൽദോയെ കണ്ട് കാനം മടങ്ങി.

എന്നാൽ, മന്ത്രിസഭയിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ ശാഠ്യം പിടിച്ചപ്പോൾ മുഖ്യമന്ത്രി ജില്ലാ കളക്‌ടർ എസ്. സുഹാസിനോട് റിപ്പോർട്ട് തേടി. സി.പി.ഐയേയും പൊലീസിനെയും തല്ലു തലോടിയുമായിരുന്നു ആ റിപ്പോർട്ട്. മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. അതിന്റെ മനോദു:ഖത്തിലായിരുന്നു നേതാക്കൾ.

പ്രതികരണം ചോദിക്കുമ്പോൾ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്ന കമന്റ‌ടിച്ച് നേതാക്കൾ പിൻവാങ്ങി. പൊലീസുകാർ കുറ്റക്കാരല്ലെന്ന് വിശദീകരിച്ച് കഴിഞ്ഞ ദിവസം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സർക്കാരിന് റിപ്പോർട്ട് നൽകിയതോടെ ജില്ലാ നേതൃത്വം ഒന്നുംകൂടി വെട്ടിലായി. ത്രിശങ്കു സ്വർഗത്തിലായ അവസ്ഥ. പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഡി.ഐ.ജി ഓഫീസിന് മുന്നിൽ സമരം ചെയ്യുമെന്ന ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മുൻ നിലപാടിന് ശക്തിയുമില്ലാതായി. പ്രളയം വന്ന് ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി മാറ്റിവച്ചതിനാൽ തീരുമാനമെടുക്കാനായില്ലെന്ന് വാദത്തിനായി പറയാം. ഇനി എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന അവസ്ഥയിലാണ് ഇന്നലെ കൊച്ചി സിറ്റി പൊലീസ് അഡിഷണർ കമ്മിഷണർ കെ.പി.ഫിലിപ്പ് സെൻട്രൽ എസ്.ഐ വിബിൻ ദാസിനെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. പൊലീസിന് വീഴ്ച പറ്റിയില്ലെങ്കിലും മേലുദ്യോഗസ്ഥർ പറയാതെ ലാത്തിചാർജ് നടത്തിയെന്നാണ് വകുപ്പുതല കണ്ടെത്തൽ. എൽദോയെ വിബിൻദാസ് ലാത്തിക്ക് അടിക്കുന്നതായുള്ള ദൃശ്യം വൈറലായിരുന്നു. കളക്‌ടറുടെയും ഡി.ജി.പിയുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലല്ല നടപടിയെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എവിടെയോ ഒരു ധാരണ മണക്കുന്നുണ്ട്.

സി.പി.ഐക്കാർ ആശ്വാസ തീരത്താണെങ്കിലും സങ്കടകടലിലുമാണ്. വൈപ്പിൻ ഗവ. കോളേജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തിൽ പരിക്കേറ്റവരെ ഞാറയ്‌ക്കൽ ആശുപത്രിയിൽ കാണാൻ പോയ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്‌.ഐക്കാർ തടഞ്ഞു. അവരെ മാറ്റണമെന്ന് നിർദ്ദേശിച്ചിട്ടും സ്ഥലത്തുണ്ടായിരുന്ന ഞാറയ്‌ക്കൽ സി.ഐ മുരളി അനങ്ങിയില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഡി.ഐ.ജി ഓഫീസ് മാർച്ച്. മുരളി ഇപ്പോഴും ഞാറയ്‌ക്കൽ സി.ഐയാണ്. കടുത്ത സി.പി.എം അനുഭാവിയെന്നാണ് ആരോപണം. മുരളിയെ മാറ്റാൻ സി.പി.ഐ ഇനിയും സമരം ചെയ്യുമോയെന്നാണ് കണ്ടറിയേണ്ടത്. ഈ വിഷയം ജില്ലയിലെ സി.പി.എം- സി.പി.ഐ ബന്ധത്തിൽ ഉലച്ചിൽ തട്ടിച്ചു. അതിനാൽ എസ്.ഐയുടെ സസ്‌പെൻഷനിൽ ഒരു അനുരഞ്ജനത്തിന്റെ കതിർ കിളിർക്കുമോയെന്നാണ് കണ്ടറിയേണ്ടത്.