തൃപ്പൂണിത്തുറ: മത്സ്യബന്ധനത്തിനിടെ വേമ്പനാട്ടു കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടുകിട്ടി. ശനിയാഴ്ച വൈകീട്ട് മീൻപിടിക്കുന്നതിനിടെ കായലിൽ വീണ ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം സ്രാമ്പിക്കൽ ശരവണന്റെ (58) മൃതദേഹം പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ശരവണനൊപ്പം കായലിൽ വീണ ബിജുവിനെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചിരുന്നു. ശനിയാഴ്ച രാത്രി തന്നെ ആരംഭിച്ച തിരച്ചിലിന് എം.എൽ.എമാരായ എം.സ്വരാജ്, ജോൺ ഫെർണാണ്ടസ് ഉദയംപേരൂർ സി.ഐ കെ.ബാലൻ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ 11.30 ഓടെ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയിൽ മൃതദേഹം കുരുങ്ങുകയായിരുന്നു. പൊലീസ് നടപടികൾക്കു ശേഷം വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഓമന, മക്കൾ: രതീഷ്, ശ്രീദാസ്, ശ്രീജിത്ത് മരുമക്കൾ: സൗമ്യ, രോഹിത, ഐശ്വര്യ.