കൊച്ചി : രണ്ടരക്കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി ബംഗളൂരു തട്ടണഹള്ളി, ആർത്തസിട്രിൻ വില്ലയിൽ പ്രശാന്ത് നായരെ (28) സെൻട്രൽ പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു.
എറണാകുളത്തെ വജ്രവ്യാപാര സ്ഥാപനത്തിലെത്തിയ പ്രതി മുമ്പ് ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പ്രീമിയം കസ്റ്റമേഴ്‌സിന് ഗിഫ്റ്റ് നൽകാനെന്ന വ്യാജേനയാണ് വജ്രാഭരണങ്ങൾ വാങ്ങിയത്. സ്ഥാപനം ഏതാനും മാസം മുമ്പ് ഇയാളെ പുറത്താക്കിയിരുന്നു. തട്ടിയെടുത്ത ലെറ്റർ ഹെഡ് ഉപയോഗിച്ച് കമ്പനി അധികൃതരുടെ കള്ള ഒപ്പിട്ട് വ്യാജരേഖ തയ്യാറാക്കി 45 ദിവസത്തെ വായ്പയിൽ 99 വജ്രാഭരണങ്ങൾ വാങ്ങുകയായിരുന്നു. അക്കൗണ്ടിൽ പണം വരാത്തതിനെ തുടർന്ന് സംശയം തോന്നിയ സ്ഥാപന ഉടമ വസ്ത്ര സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഉടമ പരാതി നൽകി. അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, സെൻട്രൽ എസ്.ഐ. എസ് വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. തട്ടിപ്പിലൂടെ കൈക്കലാക്കിയ വജ്രാഭരണങ്ങളിൽ മുക്കാൽ പങ്കും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന വ്യാജ സീലുകളും ലെറ്റർ ഹെഡുകളും കമ്പ്യൂട്ടറും വ്യാജ ഐ.ഡി കാർഡും കണ്ടെടുത്തു. ബാക്കി വജ്രാഭരണങ്ങൾ മുംബയിൽ വിറ്റതായി പ്രതി അറിയിച്ചു.