നെടുമ്പാശേരി: ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 24,37,000 രൂപയുടെ വിദേശ കറൻസി കൊച്ചി വിമാനത്താവള സുരക്ഷാ വിഭാഗം പിടികൂടി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർകോട് കൊളവയൽ സ്വദേശി ബീരാൻ കുഞ്ഞിൽ നിന്ന് ഡോളർ, സൗദി റിയാൽ, യു.എ.ഇ ദിർഹം എന്നിവയാണ് പിടികൂടിയത്.
ഇയാളുടെ ട്രോളിബാഗിന്റെ ഹാന്റിലിനകത്തായിരുന്നു ഒളിപ്പിച്ചിരുന്നത്. വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി വ്യക്തമായതിനെ തുടർന്നുള്ള സംശയമാണ് പരിശോധനയിലേക്ക് നയിച്ചത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ ഗൾഫിൽ വിറ്റ് തിരികെ പെർഫ്യൂമുകൾ കൊണ്ടുവന്ന് കച്ചവടം ചെയ്യുകയുമായിരുന്നെന്നാണ് ഇയാളുടെ മൊഴി.
ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണിയാണെന്നാണ് കസ്റ്റംസ് വിഭാഗം സംശയിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.