ആലുവ: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന വയനാട്, മലപ്പുറം ജില്ലകളിലേക്ക് സഹായവുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടി നിർവഹിച്ചു. ആലുവ യുവജന കൂട്ടായ്മയുടെയും യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് യാത്ര.
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് കൊടുക്കാനാണ് തീരുമാനമെന്നും പലചരക്ക് സാധനങ്ങളും, വസ്ത്രങ്ങളും പാത്രങ്ങളും ശുചീകരണ സാധനങ്ങളുമടക്കം ആയിരം കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്‌സഭാ പ്രസിഡന്റ് പി.ബി. സുനീർ, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, പി.എച്ച്. അസ്ലം, മുഹമ്മദ് ഷിയാസ്, ലത്തീഫ് പുഴിത്തറ, ആനന്ദ് ജോർജ്, ഫാസിൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.