# കൈയേറിയ തോട് പുന:സ്ഥാപിക്കണം
ആലുവ: കൊച്ചി മെട്രൊ കൈയേറിയ തോട് പുന:സ്ഥാപിച്ചും മുണ്ടള തോട് നവീകരിച്ചും ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരിയിലേയും എടത്തല പഞ്ചായത്തിലെ നൊച്ചിമയിലേയും മൂന്നൂറോളം വീട്ടുകാരെ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് ശ്വാശ്വതമായി പരിഹരിണമെന്ന് ബി.ജെ.പി സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു.
മൂന്നുകിലോമീറ്റർ ദൂരത്തിൽ മൂന്നുമീറ്റർ വീതിയിലുള്ള ആലുവ പെരിയാറിന്റെ കൈവഴിയായ ഇടമുള നദിയിൽ നേരിട്ട് പ്രവേശിക്കുന്ന മുണ്ടളതോട്ടിൽ പായലും പുല്ലും ചെളിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. മുണ്ടളതോട്ടിലേക്ക് പ്രവേശിക്കുന്ന ചവർപാടത്തു നിന്നുവരുന്ന തോടിന്റെ വീതി ചുരുക്കിയതും മുതലക്കുഴി പാടശേഖരത്തിന് നടുവിലൂടെ പോകുന്ന ജലവകുപ്പിന്റെ റോഡിലുള്ള കലുങ്കിലെ തടസവും വെള്ളക്കെട്ടിന് മുഖ്യകാരണമായതായി സ്ഥലം സന്ദർശിച്ച ബി.ജെ.പി പ്രതിനിധി സംഘത്തിന് ബോദ്ധ്യപ്പെട്ടു.
ബി.ജെ.പി നൊച്ചിമ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടിയ ജനകീയസഭ താലൂക്ക് വികസന സമിതി അംഗവും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ടി.ഡി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ആലുവ മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന വിഷയാവതരണവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, എസ്.സി മോർച്ച ജില്ലാ സമിതി അംഗം സനീഷ് കളപ്പുരയ്ക്കൽ, പി.എസ്. വിശ്വംഭരൻ, പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു. കെ.എസ്. പ്രീജു , ജി.പി. രാജൻ, ഗിരീഷ്, ജി.എൻ. ദാസൻ, സനിൽദാസ്, രാജേഷ് കുന്നത്തേരി തുടങ്ങിയവർ നേതൃത്വം നൽകി.
യോഗം ജനകീയ പ്രക്ഷോഭസമിതിക്ക് രൂപം നൽകി. ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാനും സങ്കട ഹർജി തയ്യാറാക്കുവാനും വിഷയത്തിൽ ബന്ധപ്പെട്ടവർ ഇടപെട്ട് പരിഹാരം കാണാതെവന്നാൽ പ്രതൃക്ഷ സമര പരമ്പരകൾക്ക് നേതൃത്വം കൊടുക്കുവാനും യോഗം തീരുമാനിച്ചു.