കൊച്ചി : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എഡ്രാക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സാധന സാമഗ്രികളുടെ സംഭരണകേന്ദ്രം ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം മേഖലാ കമ്മിറ്റി സമാഹരിച്ച കുടിവെള്ളം ജില്ലാ കമ്മിറ്റിഅംഗം ഡി.ജി. സുരേഷിൽ നിന്ന് ഏറ്റുവാങ്ങി. പൊതുസമ്മേളനത്തിൽ ജില്ലാ പ്രസി‌ഡന്റ് പി. രംഗദാസപ്രഭു അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ വി.കെ. മിനിമോൾ ചാത്തങ്ങാട് റസിഡന്റ്സ് അസോസിയേഷനിൽ നിന്നുള്ള സാധന സാമഗ്രികൾ ഏറ്റുവാങ്ങി. പാലാരിവട്ടം വികസന സമിതി ചെയർമാൻ എൻ. ഗോപാലൻ, മാസ് ആർട്സ് ക്ളബ് പ്രസിഡന്റ് എൻ.വി. മഹേഷ്, എഡ്രാക്ക് ജനറൽ സെക്രട്ടറി എം.ടി. വർഗീസ്, പാലാരിവട്ടം മേഖലാ പ്രസിഡന്റ് സി.വി. ജോഷി എന്നിവർ സംസാരിച്ചു. പാലാരിവട്ടം തമ്മനം റോഡ് കവലയ്ക്ക് സമീപം ചാത്തങ്ങാട് റോഡിലാണ് സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്.