suspension

കൊച്ചി : റാന്നി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത മാനേജരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ബാലിശമായ കാരണങ്ങളുടെ പേരിലുള്ള സസ്പെൻഷൻ നീതീകരിക്കാനാവില്ലെന്നും പ്രിൻസിപ്പലിന് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും വിധിയിൽ പറയുന്നു. മാനേജർ തുടർച്ചയായി മെമ്മോകളും ഷോകോസ് നോട്ടീസും നൽകി ഉപദ്രവിക്കുകയാണെന്നാരോപിച്ച് പ്രിൻസിപ്പൽ ഡോ. ലത മറീന വർഗീസ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.

ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ 2018 ജൂൺ 25 ന് ഇവരെ മാനേജർ ഡോ. എബ്രഹാം. വി. കുര്യാക്കോസ് സസ്പെൻഡ് ചെയ്തു. ഇതിനെതിരെ ഹർജിക്കാരി നൽകിയ ഉപഹർജിയിൽ സസ്പെൻഷൻ സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പിന്നീട് വിശദമായി വാദം കേട്ടാണ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ റദ്ദാക്കിയത്. പ്രിൻസിപ്പലിനെതിരെ നടപടി തുടരാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും മറുപടിക്ക് അവസരം നൽകിയും വേണമെന്നും നടപടി സ്വീകരിക്കുന്നുണ്ടെങ്കിൽ മൂന്നു മാസത്തിനുള്ളിൽ വേണമെന്നും വിധിയിൽ പറയുന്നു.

 പ്രിൻസിപ്പലിന്റെ ആരോപണങ്ങൾ

സെന്റ് തോമസ് ക്നാനായ പള്ളി മാനേജ്മെന്റിലുള്ള കോളേജിൽ ഒാർത്തഡോക്‌സ് വിഭാഗക്കാരിയായ താൻ പ്രിൻസിപ്പലായതാണ് പ്രശ്നം. ഒാർത്തഡോക്സ് സഭാംഗമായ തന്നെ പുറത്താക്കുമെന്ന് പ്രചാരണം നടത്തിയാണ് മുൻ പ്രിൻസിപ്പൽ കൂടിയായ ഡോ. എബ്രഹാം മാനേജർ പദവിയിൽ എത്തിയത്. അനാവശ്യകാര്യങ്ങൾക്കു തുടർച്ചയായി മെമ്മോ നൽകി ഉപദ്രവിച്ചു. ചുമതലയേറ്റെടുത്ത ദിവസം പ്രിൻസിപ്പൽ നിയമനം പുനഃപരിശോധിക്കാൻ എം.ജി സർവകലാശാലയ്ക്ക് മാനേജർ കത്തെഴുതി. പ്രിൻസിപ്പലിന്റെ മുറിയിൽ സി.സി.ടി.വി സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തി. ഗവേണിംഗ് ബോർഡിന്റെ സെക്രട്ടറിയായിട്ടും മിനിട്സ് കാണാനോ ഒപ്പുവയ്ക്കാനോ അനുവദിക്കുന്നില്ല. അവധി ദിനങ്ങളിൽ ചുമതല കൈമാറിയ നടപടി പോലും ചോദ്യംചെയ്ത് മെമ്മോ നൽകി. ഹെഡ് അക്കൗണ്ടന്റ് മോശമായി പെരുമാറിയതിന് വനിതാ കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു.

 ഹൈക്കോടതി പറയുന്നു

ഒരു മതത്തിലെ രണ്ട് വിഭാഗങ്ങളുടെ പേരിൽ പോരടിക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തെ ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. മെമ്മോകൾ പരിശോധിച്ചാൽ പ്രിൻസിപ്പലിന്റെ ഒാരോ നീക്കവും മാനേജർ പരിശോധിക്കുകയാണെന്ന് വ്യക്തം. ഇവിടെ പ്രിൻസിപ്പലിന് അനങ്ങാനാവാത്ത സാഹചര്യമാണ്. പ്രിൻസിപ്പലും മാനേജരും നിസാരപ്രശ്നങ്ങളെ പർവതീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ താത്പര്യം മാനിച്ചില്ല. വിലയേറിയ സമയം മെമ്മോയും മറുപടികളും നൽകി കളയാനുള്ളതല്ലെന്ന് ഇരുവരും മനസിലാക്കണം. പ്രിൻസിപ്പലിനെതിരെ നിയമപരമായി നടപടിയെടുക്കാൻ മാനേജർക്ക് അധികാരമുണ്ട്. എന്നാൽ ദിനംപ്രതി മെമ്മോ നൽകി അവരെ സമ്മർദ്ദത്തിലാക്കാൻ അധികാരമില്ല. കോളേജിൽ നിന്ന് പുറത്താക്കാനുള്ള നീക്കമാണെന്ന പ്രിൻസിപ്പലിന്റെ വാദം ഗൗരവമർഹിക്കുന്നു. തർക്കങ്ങൾ പരിഹരിക്കാൻ ഉചിതമായ ഫോറത്തെ സമീപിക്കാൻ പ്രിൻസിപ്പലിന് അവകാശമുണ്ടെങ്കിലും സാദ്ധ്യമെങ്കിൽ കോളേജിനുള്ളിൽത്തന്നെ പ്രശ്നം പരിഹരിക്കണം. ബാലിശമായ കാര്യങ്ങൾക്കാണ് ഇരുവരും പോരടിക്കുന്നത്. ഇരുകൂട്ടരും ഉത്തരവാദിത്വം മറക്കരുത്. - ഹൈക്കോടതി വ്യക്തമാക്കി.