കൊച്ചി : വെറും രണ്ടാഴ്ചകൂടി കാത്തിരുന്നാൽ മതി. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെ കൊച്ചി മെട്രോയുടെ സമ്പൂർണ പരീക്ഷണയോട്ടം ആരംഭിക്കാൻ. റെയിൽവെ സുരക്ഷാ കമ്മിഷണർ ഉൾപ്പെട്ട ഉന്നതസംഘം പാതയുടെ മികവ് വിലയിരുത്തി ഓണത്തിന് മുമ്പ് ട്രെയിൻ ഓടിക്കാൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
മഹാരാജാസ് മുതൽ തൈക്കൂടം വരെ പാതനിർമ്മാണം പൂർത്തിയായി. രണ്ടു ട്രാക്കുകളും സിഗ്നൽ സംവിധാനങ്ങളും റെഡി.
ഭാരം വഹിക്കാനുള്ള ശേഷി വിലയിരുത്തി കഴിഞ്ഞയാഴ്ച ട്രെയിൻ ഓടിച്ചു. ഇനി സിഗ്നൽ ഉൾപ്പെടെ പ്രവർത്തിപ്പിച്ച് പരീക്ഷണയോട്ടം നടത്തണം. അതിനുള്ള ഒരുക്കങ്ങളിലും നടപടികളിലുമാണ് ഡൽഹി മെട്രോ റെയിൽവെ കോർപ്പറേഷനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും. വിവിധ ഏജൻസികൾ സംയുക്തമായി നടത്തേണ്ട പരിശോധനകളും പരീക്ഷണയോട്ടവും അടുത്ത മാസം ആദ്യം പൂർത്തിയാകും.
# സോഫ്‌റ്റ്‌വെയർ ബന്ധിപ്പിക്കണം
കമ്പ്യൂട്ടർ നിയന്ത്രിത ആധുനിക സംവിധാനത്തിലാണ് കൊച്ചി മെട്രോ സഞ്ചാരം. പുതിയ പാതയിൽ ഇതൊരുക്കാനുള്ള ജോലികൾ അന്തിമ ഘട്ടത്തിലാണ്. തുടർന്ന് നിയമാനുസൃത സർട്ടിഫിക്കറ്റുകളും ലഭിക്കണം.
# സിഗ്നൽ പരിശോധിക്കണം
പൂർത്തിയായ ട്രാക്കിലൂടെ ട്രെയിൻ ഓടിച്ചത് സിഗ്നൽ സംവിധാനം ഉപയോഗിക്കാതെയാണ്. സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. അവയുപയോഗിച്ച് പരീക്ഷണയോട്ടം നടത്തുകയാണ് അടുത്ത ഘട്ടം. സിഗ്നലുകൾ കൃത്യമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കുന്നതോടെ പ്രധാന കടമ്പകളിലൊന്നു കൂടി കടക്കും.
# സംയോജിത പരീക്ഷണം പ്രധാനം
മെട്രോയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ ഒരുമിച്ച് നടത്തുന്ന സംയോജിത പരീക്ഷണയോട്ടമാണ് ഏറ്റവും സുപ്രധാനമായ നടപടി. പാതയുടെ നിർമ്മാണച്ചുമതല വഹിക്കുന്ന ഡി.എം.ആർ.സി, നടത്തിപ്പ് ചുമതലയുള്ള കെ.എം.ആർ.എൽ, റെയിൽവെ സുരക്ഷാ വിഭാഗം, ട്രെയിനുകളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയ ഏജൻസികൾ എന്നിവരുൾപ്പെടെ പങ്കെടുത്താണ് സംയോജിത പരീക്ഷണയോട്ടം. തുടർന്ന് റെയിൽവെ ചീഫ് സുരക്ഷാ കമ്മിഷണർ അനുമതി നൽകണം.
# അന്തിമഘട്ടത്തിൽ
സെപ്തംബർ ആദ്യവാരം സംയോജിത പരീക്ഷണയോട്ടം നടത്താൻ കഴിയും. സംവിധാനങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞു. അനുമതി ലഭിക്കാൻ വേണ്ട നടപടികൾ അന്തിമഘട്ടത്തിലാണ്.
ഡി.എം.ആർ.സി
# ഒരുക്കങ്ങളായി
അടുത്ത മാസം അന്തിമ പരീക്ഷണയോട്ടം നടത്താൻ കഴിയും. ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
കെ.എം.ആർ.എൽ