കൊച്ചി: നെഞ്ചൊപ്പം വെള്ളത്തിൽ പേരക്കിടാവിനെ ഉറക്കിക്കിടത്തി പോകുന്ന മുത്തച്ഛൻ,​ ചെറുവള്ളത്തിൽ കുഞ്ഞുങ്ങളെ രക്ഷിച്ചെടുത്തു പോകുന്ന മുതിർന്നവർ,​ പ്രായമായ അമ്മയെ പ്രളയജലത്തിൽ നിന്ന് പൊക്കിയെടുത്ത് മാറ്റുന്ന മകൻ,​ ജീവിതകാല സമ്പാദ്യം മുഴുവൻ നഷ്ടമായവരുടെ സങ്കടക്കണ്ണീർ,​ ദുരിതാശ്വാസ ക്യാമ്പിൽ അന്നമുണ്ണുന്ന കുരുന്നുകൾ,​... നൂറ്റാണ്ട് കണ്ട മഹാപ്രളയത്തിന്റെ ഓർമ്മകളിലേക്ക് മലയാളിയെ തിരികെ നടത്താൻ പോന്നതൊക്കെ കാമറക്കണ്ണിലൂടെ കാട്ടുകയാണ് കൊച്ചിയിലെ ഫോട്ടോജേർണലിസ്റ്റുകൾ.

പ്രളയകാലത്തിന്റെ തീവ്രത ചോർന്ന് പോകാത്ത വാർത്താചിത്രങ്ങളാണ് കൊച്ചി ഡർബാർ ഹാളിലെ വെറ്റ് ഫ്രെയിംസ് എന്ന ഫോട്ടോപ്രദർശനത്തിൽ നിറയെ. പ്രളയോർമ്മകൾ പങ്കുവയ്ക്കുന്ന നൂറോളം ചിത്രങ്ങളിൽ ദുരന്തത്തിന്റെ തീവ്രതയും സങ്കടങ്ങളും അതിജീവനത്തിന്റെ വിവിധ കാഴ്ചകളുമുണ്ട്.

വള്ളത്തിന്റെ മാതൃകകൾ താൽകാലികമായി ഒരുക്കി കുളത്തിൽ ഒഴുക്കി നടൻ മമ്മൂട്ടിയാണ് ഫോട്ടോ എക്‌സിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രളയകാലത്ത് രക്ഷകരായെത്തിയ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് വള്ളത്തിന്റെ മാതൃക നൽകി ആദരിച്ച് തുടങ്ങിയ പ്രദർശനം കാണാൻ പ്രളയത്തിൽ നിന്ന് അതിജീവിച്ചവരടക്കം നിരവധിപ്പേരെത്തി.

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തിനോട് അനുബന്ധിച്ച് കൊച്ചിയിലെ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോ ജേർണലിസ്റ്റ് ഫോറം ലളിതകലാ അക്കാദമിയും പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ പ്രദർശനം 21ന് അവസാനിക്കും.

"അടിക്കടിയുണ്ടാകുന്ന പ്രളയങ്ങൾ പ്രകൃതിയോടുള്ള സമീപനം മാറേണ്ടതിന്റെ ഓർമപ്പെടുത്തലുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വരാൻ പോകുന്ന ദുരന്തകാലങ്ങളെ ഭയപ്പാടോടെ കാണുന്നതിന് പകരം ബോധവാന്മാരായിരിക്കുകയാണ് വേണ്ടത്. ഓരോ ചിത്രങ്ങളും ഓരോ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളിലെ വൈവിധ്യം ചിത്രങ്ങളിൽ പ്രകടമാണ്" വെറ്റ് ഫ്രെയിംസ് ‌‌ഉദ്ഘാടനം ചെയ്യവെ നടൻ മമ്മൂട്ടി പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ദിലീപ് ദാസൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മുൻമന്ത്രി കെ. ബാബു, പ്രസ്‌ക്ലബ്ബ് സെക്രട്ടറി സുഗതൻ പി ബാലൻ, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ പ്രകാശ് എളമക്കര, അരുൺ ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു.