കൊച്ചി: റോഡുകളിലെ കുഴികളുടെ കാര്യത്തിൽ തീരുമാനം ആവശ്യപ്പെട്ട് മേയറുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ധർണ നടത്തിയതിനെ തുടർന്ന് ഒരാഴ്ചയ്‌ക്കകം പ്രവൃത്തികൾ പൂർത്തീകരിക്കാമെന്ന് വാട്ടർ അതോറിട്ടി അധികൃതർ ഉറപ്പു നൽകി. വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനായി നഗരസഭയുടെ കീഴിലുള്ള വിവിധ റോഡുകളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയായതോടെയാണ് നേതാക്കൾ ഇന്നലെ രാവിലെ സമരത്തിനിറങ്ങിയത്. കുഴികൾ എടുത്തിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും വർക്കുകൾ പൂർത്തീകരിക്കാത്തതിനാൽ റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. അടിയന്തരമായി ഈ പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ലെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. വാട്ടർ അതോറിട്ടി ചെയ്യേണ്ട പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മേയർ , ഹൈബി ഈഡൻ എം.പി, ഡെപ്യൂട്ടി മേയർ ടി.ജെ വിനോദ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ബി സാബു, പി.എം ഹാരിസ്, ഗ്രേസി ജോസഫ്, കെ.വി.പി കൃഷ്ണകുമാർ, കൗൺസിലർമാർ എന്നിവരാണ് കൊച്ചി കേരള ജല അതോറിട്ടി മദ്ധ്യമേഖലാ ഓഫീസിൽ പ്രതിഷേധ ധർണ നടത്തിയത്. ഒരാഴ്ചയ്ക്കകം പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് ചീഫ് എൻജിനീയർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചു.
28 ന് യോഗം ചേരും
പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി 28 ന് മേയറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.ജി.സി.ഡി.എയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തമ്മനം പുല്ലേപ്പടി റോഡിലെ പണികൾ പൂർത്തിയാക്കാമെന്ന് എൻജിനിയർ ഉറപ്പു നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ കുഴികൾ നികത്തും
രവിപുരം വളഞ്ഞമ്പലം റോഡിലെ ജോലികൾ പൂർത്തിയായി
തേവര പണ്ഡിറ്റ് കറുപ്പൻ റോഡിലെ പ്രവൃത്തികൾ 23 നും സുഭാഷ്ചന്ദ്ര ബോസ് റോഡിലെ ജോലികൾ 28 നും പൂർത്തിയാകും.