കൊച്ചി: രാജ്യത്തിന്റെ പൊതുവികസന ലക്ഷ്യങ്ങൾക്ക് അനുകൂലമായി പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഒഫ് ഇന്ത്യ കേരള സോണിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രത്യേക ചർച്ചകൾ സംഘടിപ്പിച്ചു.
കേരള സോണിന്റെ 104 ശാഖ മാനേജർമാരുടെയും മൂന്നു ഏരിയ മാനേജർമാരുടെയും അഞ്ചു പ്രോസസിംഗ് സെന്റർ തലവന്മാരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ കേന്ദ്രസർക്കാരിലേക്ക് സമർപ്പിക്കും. പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം പുനർക്രമീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം നടക്കുന്ന ത്രിതല ചർച്ചയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ബാങ്ക് ഒഫ് ഇന്ത്യ സോണൽ മാനേജർ മഹേഷ് കുമാർ. വി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സോണൽ മാനേജർ ജി.വിമൽകുമാർ, എ.ജി.എം ടി.ബി പ്രമോദ്, ജനറൽ മാനേജർ ബിജി.പി.രൂപ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.