സെപ്തംബർ 31 വരെ ലിറ്ററിന് ഒരു രൂപ അധികം നൽകും
കളമശേരി: കാലിത്തീറ്റയുടെ വില വർദ്ധനവും പ്രളയവും മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ആശ്വാസമായി 21 മുതൽ സെപ്തംബർ 31 വരെ ഒരു രൂപ വീതം ഒരു ലിറ്ററിന് കൂടുതൽ നൽകാൻ മിൽമ എറണാകുളം മേഖലാ യൂണിയൻ തീരുമാനിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളിലെ ക്ഷീരകർഷകർക്ക് ഇത് ലഭിക്കും.
മൂന്ന് മാസത്തിനിടെ 300 രൂപയോളമാണ് കാലിത്തീറ്റയ്ക്ക് വില വർദ്ധിച്ചതെന്ന് മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
പാൽ വില ലിറ്ററിന് കുറഞ്ഞത് നാല് രൂപയെങ്കിലും വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് നെയ്യും മറ്റുല്പന്നങ്ങളും കയറ്റി അയക്കാനുള്ള നടപടി ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ഫെഡറേഷൻ ചെയർമാൻ പി.എ ബാലൻ, മാനേജിംഗ് ഡയറക്ടർ മുരളീധരൻ, ദാസ് സോണി ഈപ്പച്ചൻ, ജോമോൻ ജോസഫ് എന്നിവരും പങ്കെടുത്തു