നെടുമ്പാശേരി: നിയുക്ത ശബരിമല മേൽശാന്തി സുധീർ നമ്പൂതിരിക്കും മാളികപ്പുറം മേൽശാന്തി മാടവന പരമേശ്വരൻ നമ്പൂതിരിക്കും അത്താണി ശ്രീവീരഹനുമാൻ കോവിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഗോപൻ ചെങ്ങമനാട് പത്രസമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് ആറിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ റോജി ജോൺ, അൻവർ സാദത്ത്, ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എ.എം. യൂസഫ് എന്നിവർ പങ്കെടുക്കും.

നിലവിൽ അത്താണി ശ്രീവീരഹനുമാൻ കോവിലിലെ മേൽശാന്തിയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മാടവന പരമേശ്വരൻ നമ്പൂതിരി.