puzta
ആറാട്ടുപുഴ

അങ്കമാലി: മൂക്കന്നൂർ, തുറവൂർ പഞ്ചായത്തുകളെ അതിരിടുന്ന ആറാട്ടുപുഴ ജലാശയം സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ആറാട്ടുപുഴ അളന്ന് അതിരുകൾ കല്ലിട്ട് തിരിക്കൽ ഇന്നാരംഭിക്കും. രാവിലെ 11 ന് കാളാർകുഴി നീർപ്പാലത്തിന് സമീപം റോജി എം.ജോൺ എം. എൽ. എ. സർവേ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിക്കും. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് തുടങ്ങിയവർ സംബന്ധിക്കും.

മൂക്കന്നൂർ പഞ്ചായത്തിലെ എത്തളിച്ചിറ, പറമ്പിച്ചിറ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് മൂന്നുതോട്ടിൽ മാഞ്ഞാലിത്തോടുമായി സംഗമിക്കുന്ന ആറാട്ടുപുഴയ്ക്ക് 8 കിലോമീറ്റർ നീളമുണ്ട്. മാഞ്ഞാലിത്തോടിന്റെ പ്രധാന കൈവഴിയാണ്. ആരംഭത്തിലുളള 2 കിലോമീറ്ററിലും അവസാനത്തെ 2 കിലോമീറ്ററിലും 3 മീറ്റർ വീതിയാണ് തോടിനുളളത്. കാളാർകുഴി മുതൽ കീഴോട്ടുളള 3 കിലോമീറ്റർ ഭാഗത്ത് 6 മീറ്റർ മുതൽ 36 മീറ്റർ വരെ വീതിയുണ്ട്. അങ്കമാലി പട്ടണത്തോട് ചേർന്ന് കിടക്കുന്ന ഈ ജലാശയം വർഷങ്ങളായി സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്. അടിത്തട്ടിൽ ചെളി നിറഞ്ഞു. 2 മീറ്ററോളം ഉയരത്തിലാണ് ചെളി. പുഴയുടെ ഇരുവശങ്ങളും കൈയേറിയിട്ടുണ്ട്.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട്, സംസ്ഥാന ജലസേചന വകുപ്പിന്റെ ഫണ്ട്, ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ടുകൾ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി രൂപീകരണത്തിനും നിർവഹണത്തിനുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രമായി ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രോജ്ര്രക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആറാട്ടുപുഴ അളന്ന് തിട്ടപ്പെടുത്തുന്നതിനും അതിരുകൾ കല്ലിട്ട് തിരിക്കുന്നതിനും പ്രാഥമിക പദ്ധതി രൂപീകരണത്തിനുമായി ജലവിഭവ വകുപ്പ് 2,90,000 രൂപ അനുവദിച്ചിട്ടുണ്ട്. അളന്ന് തിരിക്കൽ പൂർത്തിയാക്കുന്നതോടെ ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെളി നീക്കൽ ആരംഭിക്കും.