കൊച്ചി : ചിലവന്നൂർ കായൽ പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നും പുഴയിലേക്ക് തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് ചിലവന്നൂർ സ്വദേശി വർഗീസ് ജോൺ നൽകിയ ഹർജിയിൽ എറണാകുളം ജില്ലാ കളക്ടർ ഉൾപ്പെടെ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി നഗരസഭ, കണയന്നൂർ തഹസിൽദാർ, എളംകുളം വില്ലേജ് ഓഫീസർ, കേരള തീരദേശ പരിപാലന അതോറിട്ടി എന്നിവരാണ് മറ്റു എതിർ കക്ഷികൾ. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2011 ലെ വിജ്ഞാപന പ്രകാരം തീരനിയന്ത്രണ മേഖലയുടെ ഒന്നാം വിഭാഗത്തിൽ വരുന്ന പ്രദേശമാണ് ഇതെന്നും അതീവ പരിസ്ഥിതി പ്രാധാന്യമിതിനുണ്ടെന്നും ഹർജിയിൽ പറയുന്നു. നിയമം ലംഘിച്ച് പുഴയുടെ പുറമ്പോക്ക് കൈയേറിയും മാലിന്യങ്ങൾ തള്ളി നീരൊഴുക്ക് തടഞ്ഞും കായലിനെ നശിപ്പിക്കുകയാണ്. ഇതു തടയാൻ നടപടി വേണം. റിയൽ എസ്റ്റേറ്റ്, ഭൂ മാഫിയ സംഘങ്ങളുടെ നേതൃത്വത്തിലാണ് കായൽ പുറമ്പോക്ക് കൈയേറുന്നത്. ഇവർ തന്നെയാണ് മാലിന്യം നിക്ഷേപിച്ച് കായൽ നികത്താൻ ശ്രമിക്കുന്നത്. പ്രളയകാലത്ത് കനത്ത വെള്ളക്കെട്ട് ഉണ്ടാകാൻ ഇതു കാരണമായെന്നും ഹർജിയിൽ പറയുന്നു. പഴയ സർവേ രേഖകളുടെ അടിസ്ഥാനത്തിൽ കായൽ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഇതിനായി സർവേ ടീമിനെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.