കാക്കനാട്:പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി. ദുരിതാശ്വാസ പ്രവർത്തനത്തിന് മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചതായി സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘം പണപ്പിരിവ് നടത്തിയയെന്നാണ് സി .പി .ഐ നേതാവ് എം .ജെ ഡിക്സൻ ഇന്നലെ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

മാദ്ധ്യമ പ്രവർത്തകരായ കാക്കനാട് പാട്ടുപുര നഗറിൽ പരപ്പയിൽ വീട്ടിൽ ഷെഫീക്ക്, ഭാര്യ നഹീമ, കെ.എം. സിജു എന്നിവർക്കെതിരെയാണ് പരാതി.
വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ദുരിതാശ്വാസത്തിന്റെ പേരിൽ പണം ആവശ്യപ്പെട്ട് നഹീമയുടെ ഫോൺ നമ്പറും ഗൂഗിൾപേ നമ്പറും കെ. എം. സിജുവിന്റെ സൗത്ത് ഇന്ത്യൻ ബാങ്ക് കരിമുകൾ ബ്രാഞ്ച് അക്കൗണ്ട് നമ്പറും നൽകി ഷെഫീക്ക് പ്രചാരണം നടത്തിയെന്നാണ് ആരോപണം.

സന്ദേശം കണ്ട് തുക ട്രാൻസ്ഫർ ചെയ്തു. പിന്നീട് ഇക്കാര്യം മറ്റുള്ളവരോട് തിരക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായതെന്നും ഡിക്സൺ പറയുന്നു. വാട്ട്സ് അപ്പ് സന്ദേശങ്ങളുടെ കോപ്പികളും മറ്റു രേഖകളും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. സംഘത്തിന്റെ അനധികൃത പണപ്പിരിവിനെക്കുറിച്ചും തുക വിനിയോഗിച്ചതിനെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.