നെടുമ്പാശേരി: പൊതുമരാമത്ത് റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം ജലരേഖയാകുമ്പോൾ അത്താണി - മാഞ്ഞാലി റോഡിൽ അപകടം തുടർക്കഥയാകുന്നു. ചെങ്ങമനാട് ഇന്ത്യൻ ബാങ്കിന് സമീപം ഇന്നലെ പുലർച്ചെയുണ്ടായ അപകടമാണ് ഒടുവിലത്തേത്.
കാറോടിച്ചിരുന്ന നെടുമ്പാശേരി തുരുത്തിശേരി കിഴക്കുംപുറത്ത് വീട്ടിൽ കെ.വി. ശ്യാംകുമാർ (47), ചെങ്ങമനാട് കല്ലറക്കൽ കെ.എച്ച്. നജീബ് (42), തുരുത്തിശേരി അമ്പാടി സജിത്ത് (41) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിൽ സുഹൃത്തുക്കളോടൊപ്പം സഹായങ്ങളാത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കടയുടെ ഭിത്തികൾ തകർന്നു. കടക്കകത്തുള്ള വസ്തുവകകൾക്കും കേടുപാടുണ്ടായി. കാറും ഭാഗികമായി തകർന്നു. അത്താണി ഭാഗത്തുനിന്ന് അമിതവേഗത്തിൽ ദിശതെറ്റി വരികയായിരുന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.
ഏതാനും മാസം മുമ്പ് പറവൂരിൽ നിന്ന് വിമാനത്താവളത്തിലേക്ക് സ്ത്രീകളടക്കം പോവുകയായിരുന്ന കാറും നിയന്ത്രണം വിട്ട് ഇതേകെട്ടിടത്തിൻെറ മതിലും ഗേറ്റും തകർത്തിരുന്നു. അടുത്തിടെയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.
രണ്ടര മാസം മുമ്പ് മൂവ്വാറ്റുപുഴ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ വടക്കെ അടുവാശേരി പുതുശേരി വീട്ടിൽ ബിനോജ് (45) ബൈക്കിൽ സഞ്ചരിക്കുമ്പോൾ ടോറസ് ഇടിച്ച് മരിച്ചിരുന്നു. ഇടുങ്ങിയ റോഡിൽ കുണ്ടും കുഴികളും കുത്തനെയുള്ള വളവും തിരിവും കയറ്റവും ഇറക്കവുമുള്ളതാണ് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകാൻ ഇടയാക്കുന്നത്.
കാൽ നൂറ്റാണ്ടിലേറെയായി അത്താണി പറവൂർ റോഡ് വികസനത്തിനായി ജനങ്ങൾ മുറവിളി ഉയർത്തുന്നുണ്ടെങ്കിലും പരിഹാര നടപടിയുണ്ടാകുന്നില്ല. അടുത്തിടെ അൻവർസാദത്ത് എം.എൽ.എ നിയമസഭയിൽ സബ് മിഷൻ ഉന്നയിക്കുകയും വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തതിനത്തെുടർന്ന് ആലുവ മണ്ഡലം പരിധിയിൽപ്പെട്ട അത്താണി മുതൽ ചുങ്കം വരെ സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും സർവേ നടപടി മുടങ്ങിയതോടെ ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.