പെരുമ്പാവൂർ: കോട്ടപ്പാറ വനാതിർത്തിയിലെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം
നാശംവിതച്ചു. കഴിഞ്ഞ ദിവസം പ്ലാമുടിയിൽ കുന്നത്താൽ മാത്തുക്കുട്ടി കൃഷി ചെയ്തിരുന്ന 600 ഏത്തവാഴകളും പൈനാപ്പിളും ആനക്കൂട്ടം നശിപ്പിച്ചു. നടുവത്ത് സണ്ണിയുടെ കൃഷിയിടം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. ഒരാഴ്ച മുൻപ് കപ്രിക്കാട് അഭയാരണ്യത്തിന് സമീപം പാണംകുഴിയിൽ ആനക്കൂട്ടം വ്യാപകകൃഷി നാശം വരുത്തിയിരുന്നു.മഴക്കാലം തുടങ്ങിയ ശേഷം ആനശല്യം കുറവായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പഴയപടിയായെന്ന് കർഷകർ പറയുന്നു.കുട്ടികളും കൊമ്പനും പിടിയുമുൾപ്പെടെ പത്തും പന്ത്രണ്ടും എണ്ണമുളള കൂട്ടമാണ്കൃഷിയിടത്തിലെത്തുന്നത്. രാത്രി മുഴുവൻ കൃഷി തിന്നുതീർത്ത് പുലരും മുൻപേ കാട്ടിലേയ്ക്ക് മടങ്ങുകയാണ് രീതി. ചിലപ്പോൾ നാട്ടുകാർ ഉണർന്ന് ശബ്ദമുണ്ടാക്കുകയും വെളിച്ചം കാണിക്കുകയും ചെയ്യുമ്പോൾ തിരിച്ചുപോകും. കാട്ടാനകളെ തടയുന്നതിന് അതിർത്തിയിൽ വനംവകുപ്പ് സൗരോർജവേലി സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നടപ്പായില്ല. മരങ്ങൾ തള്ളിമറിച്ചിട്ടും വേലി
തകർത്തും ആനകൾ കൃഷിയിടങ്ങളിൽ പ്രവേശിക്കാറുണ്ട്. നിരവധി നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും വനാതിർത്തിയിലെ കർഷകരുടെ ഭീതിയകറ്റാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല
പെരിയാർ കടന്ന് എത്തുന്നത് പത്തിലേറെ ആനകൾ
വാഴക്കുലകളുംപൈനാപ്പിളും തിന്നുതീർക്കും
സൗരോർജവേലി യാഥാർത്ഥ്യമായില്ല