കൊച്ചി: തീവ്രവാദസംഘടനയായ ഐസിസിൽ ചേർക്കാൻ യുവാക്കളെ സിറിയയിലേക്ക് കടത്തിയെന്നാരോപിച്ച് കണ്ണൂർ വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ സെപ്തംബർ 16 ന് തുടങ്ങും. കേസിൽ പ്രതികളായ കണ്ണൂർ മണ്ടേരി സ്വദേശി മിഥിലജ്, ചെക്കിക്കുളം അബ്ദുൾ റസാഖ്, തലശേരി സ്വദേശി യു.കെ. ഹംസ എന്നിവർക്കെതിരെ ജൂൺ 22 ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റം ചുമത്തിയിരുന്നു. തുടർന്നാണ് വിചാരണയ്ക്ക് തീയതി നിശ്ചയിച്ചത്.
എന്നാൽ കേസിൽ രഹസ്യമൊഴി നൽകിയവരടക്കമുള്ള സാക്ഷികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. തീവ്രവാദ പ്രവർത്തന നിരോധന നിയമത്തിൽ ഇത്തരം കേസുകളിൽ രഹസ്യമൊഴി നൽകുന്ന സാക്ഷികൾക്ക് സംരക്ഷണം നൽകാൻ വ്യവസ്ഥയുണ്ട്. രഹസ്യമൊഴിയടക്കമുള്ളവയുടെ പകർപ്പുകൾ ലഭിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം വിചാരണക്കോടതി അനുവദിച്ചു. ഇൗ സാഹചര്യം കൂടി കണക്കിലെടുത്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ.