കൊച്ചി: മരണം വരെ വഴിയോര കച്ചവടക്കാരനായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് പ്രളയകാലത്തെ വസ്ത്ര ദാനത്തിലൂടെ ജനമനസ് പിടിച്ചടക്കിയ നൗഷാദ് പറഞ്ഞു. എറണാകുളം ബ്രോഡ്‌വേയിൽ ഒറ്റമുറിയിൽ പുതിയതായി തുടങ്ങിയ തുണിക്കടയുടെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കച്ചവടം കൂടുതൽ സൗകര്യമുള്ള സ്ഥലം നോക്കി കടമുറിയിലേക്ക് മാറിയെങ്കിലും വഴിയോരത്തുള്ള തുണി കച്ചവടം ഉപേക്ഷിക്കുവാൻ മനസ് അനുവദിക്കുന്നില്ല. വഴിയോരകച്ചവടത്തിൽ നിന്നാണ് ജീവിതം കെട്ടിപ്പടുത്തത്. അതുകൊണ്ട്തന്നെ വഴിയോരകച്ചവടക്കാരനായി ബ്രോഡ്‌വേയിലുണ്ടാകുമെന്നും നൗഷാദ് പറഞ്ഞു. 'നൗഷാദിക്കയുടെ കട'യെന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ആദ്യവില്പന സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹമ്മദ്ദിന് നൽകി നൗഷാദ് നിർവഹിച്ചു. ഒരുലക്ഷം രൂപയുടെ തുണിത്തരങ്ങളാണ് ആദ്യവില്പനയിലൂടെ വിറ്റഴിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി നൗഷാദ് ജില്ലാ കളക്ടറെ ഏല്പിച്ചു. കടയുടെ ഉദ്ഘാടനം കളക്ടർ നിർവഹിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഔദ്യോഗിക തിരക്കുകൾ കാരണം അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. പിന്നീട് കളക്‌ട്രേറ്റിലെത്തി നൗഷാദ് തുകയുടെ ചെക്ക് കൈമാറി. ഒറ്റമുറി കടയിൽ ഷർട്ട് ഉൾപ്പെടെയുള്ള റെഡി മെയ്ഡ് തുണിത്തരങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.