തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ വി.ആർ.വിജയകുമാറിനെ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. രക്ഷാബന്ധൻ മഹോത്സവവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്.
ആർ.എസ്.എസ് കാര്യവാഹക് ഹരി, വിപിൻ എന്നിവർ വിജയകുമാറിനെ കൈയേറ്റം ചെയ്തതായി ഭാര്യ ഷീല വിജയകുമാർ തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാടകയ്ക്ക് താമസിക്കുന്ന വടക്കേക്കോട്ടയിലുള്ള വീട്ടിൽ രാത്രി വിജയകുമാറിനെ അന്വേഷിച്ച് ഇവർ ചെന്നിരുന്നു. മടങ്ങി പോകുമ്പോൾ സ്കൂട്ടറിൽ വിജയകുമാർ എത്തുന്നത് കണ്ട് വീടിന് മുന്നിൽ വച്ച് തന്നെയാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഇരുകൂട്ടരെയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പ്രശ്നം പാർട്ടിയിൽ പറഞ്ഞ് ഒത്തുതീർപ്പായെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇരു കക്ഷികളേയും സ്റ്റേഷനിൽ വരും ദിവസം വിളിച്ച് വരുത്തി മേൽ നടപടികൾ സ്വീകരിക്കുമെന്ന് എസ്.ഐ കെ.ആർ ബിജു പറഞ്ഞു.
പ്രശ്നങ്ങൾ ചർച്ച ചെയ്തുവരികയാണെന്നും പിന്നീട് പ്രതികരിക്കാമെന്നും വിജയകുമാർ പറഞ്ഞു.
നഗരസഭയിൽ ബി.ജെ.പി മുഖ്യപ്രതിപക്ഷ കക്ഷിയായതിന് ശേഷം തൃപ്പൂണിത്തുറയിൽ ആർ.എസ്.എസ്. ബി.ജെ.പി പ്രവർത്തകർക്കിടയിൽ തമ്മിൽ ഗ്രൂപ്പ് കളികൾ രൂക്ഷമാണ്. പ്രാദേശിക ആർ.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലുകളെ തുടർന്ന് ബി.ജെ.പി പ്രവർത്തനം മരവിച്ച അവസ്ഥയിലാണെന്ന് ഒരുവിഭാഗം പറയുന്നു. ബി.ജെ.പി മെമ്പർഷിപ്പ് കാമ്പെയ്നും അമ്പേ പരാജയമായിരുന്നു. നഗരത്തിന് പുറത്തുള്ള നിലവിലെ ആയിരത്തോളം അംഗങ്ങൾ മെമ്പർഷിപ്പ് പുതുക്കാൻ പോലും തയ്യാറായിട്ടില്ലെന്നാണ് സൂചന.