കാലടി: ചരക്ക് ലോറികളിൽ പെർമിറ്റിന് വിരുദ്ധമായി അമിതലോഡ് കയറ്റുന്നതിനെതിര കാലടി മേഖലാ സി.ഐ.ടി യു ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് സംഘടനാ പ്രസിഡന്റ് പിബി. സജീവ്, സെക്രട്ടറി അബൂബക്കർ എൻ.പി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ മോട്ടോർ വാഹന നിയമമനുസരിച്ച് നിയമവിരുദ്ധമായി ചരക്ക് കയറ്റുന്ന വാഹനങ്ങൾക്കു് സർക്കാർ ഈടാക്കുന്ന ഭീമമായ തുക പിഴ അടയ്‌ക്കേണ്ടി വരുന്നതിനാൽ ഈ മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും വൻ ബാദ്ധ്യതയിലാണെന്ന് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ടി. വർഗീസ് പറഞ്ഞു. ഇക്കാര്യത്തിലുള്ള യൂണിയന്റെ നിലപാടുകൾ പൊലീസ്, മോട്ടോർ വെഹിക്കിൾ, സപ്ലൈകോ തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിലെ മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. നിയമവിരുദ്ധമായി അധികഭാരം കയറ്റി വരുന്ന വാഹനങ്ങൾ തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് റിംഗ്‌സൺ എസ്തപ്പാനു , എം.എം. അബ്ദുള്ള എന്നിവർ പറഞ്ഞു.