prasanth

കൊച്ചി: രണ്ടരക്കോടിയുടെ വജ്രാഭരണങ്ങൾ തട്ടിയ കേസിൽ പിടിയിലായ ബംഗളൂരു മലയാളി പ്രശാന്ത് നാരായണന് (28)​ പ്രമുഖ വസ്ത്രവ്യാപാര ശാലയിലെ ഉയർന്ന ജോലി നഷ്ടപ്പെട്ടത് സ്വർണത്തട്ടിപ്പ് പിടികൂടിയതോടെ. കൊച്ചിയിൽ വജ്രാഭരണങ്ങൾ തട്ടിയ കേസിൽ നടന്ന അന്വേഷണത്തിലാണ് ഈ വിവരം പുറത്തായത്. ഒരു ജൂവലറിയിൽ നിന്നും 40 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ഈ വ‌ർഷം ആദ്യം ഇയാൾ തട്ടിയെടുത്തത്. വ്യാജ സീലും ഒപ്പും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വജ്രാഭരങ്ങൾ തട്ടിയ കേസിൽ പ്രശാന്ത് അകത്താകുന്നത്.

പുറത്താക്കിയ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ലെറ്റർഹെഡ് മോഷ്ടിച്ച് കമ്പനി അധികൃതരുടെ കള്ളയൊപ്പിട്ടാണ് വജ്രവ്യാപാര സ്ഥാപനത്തിൽ നിന്ന് 45 ദിവസത്തെ ക്രെഡിറ്റിൽ 99 വജ്രാഭരണങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ പ്രധാന കസ്റ്റമർമാർക്ക് സമ്മാനം നൽകാനെന്ന വ്യാജേനയായിരുന്നു ഇത്. തട്ടിപ്പിനായി കമ്പനിയുടെ പേരിൽ വ്യാജ ഇ- മെയിൽ ഐഡിയും വ്യാജ സീലുകളുമുണ്ടാക്കി. പിന്നീട് വജ്രവ്യാപാര സ്ഥാപനത്തിന് പണം അയച്ചതായി വ്യാജ ഡിജിറ്റൽ ഇടപാട് രേഖയും തരപ്പെടുത്തി. പണം ലഭിക്കാത്തതിനെ തുടർന്ന് വജ്രവ്യാപാര സ്ഥാപന ഉടമ ബംഗളൂരുവിലെ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്. തുടർന്ന് അസി. കമ്മിഷണർക്ക് പരാതി നൽകുകയും പൊലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിയെടുത്ത 48 വജ്രാഭരണങ്ങൾ ഇയാൾ മുംബയിലാണ് വിറ്റത്. പ്രശാന്തിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ശ്രമം. ചോദ്യം ചെയ്യലുകൾക്ക് ശേഷം മുംബയ്ക്ക് തിരിക്കാനാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം.

ആരെയും വീഴ്ത്തും വാചക കസർത്ത്

ബംഗളൂരു സ്വദേശിയായ പ്രശാന്ത് പല ഭാഷകൾ കൈകാര്യം ചെയ്യാൻ വിദഗ്ദ്ധനാണ്. മാത്രമല്ല,​ ആരെയും എളുപ്പത്തിൽ വീഴ്ത്താനുള്ള വാക്ചാതുരിയുമുണ്ട്. എറണാകുളത്തെയും മൈസൂരിലെയും ജൂവലറികളിൽ നിന്ന് സമാനരീതിയിലുള്ള തട്ടിപ്പ് നടത്താൻ ശ്രമം നടത്തവേയാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.