കൊച്ചി: ഇഞ്ചി വില മുന്നോട്ട് തന്നെ. ചില്ലറ വിപണിയിൽ ഇഞ്ചിയുടെ കിലോവില 280 രൂപയിലെത്തി. മൊത്തവിപണിയിൽ 210-220 രൂപയും. അഞ്ച് മാസം മുമ്പു വരെ കിലോയ്ക്ക് 70രൂപയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഇഞ്ചികൃഷിക്ക് കനത്ത നാശമുണ്ടായതാണ് വില കയറാൻ കാരണം.

ഇതര സംസ്ഥാനങ്ങളിലെ ഉത്പാദനം കുറഞ്ഞതുംപ്രശ്നമായി.

# ആശ്രയം കർണ്ണാടക

കുടക്, മൈസൂർ,വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഇഞ്ചി എത്തുന്നത്. ഇപ്പോൾ കർണാടകയിൽ നിന്നുമാത്രമായി വരവ്. രണ്ട് ആഴ്ച മുമ്പ് വരെ കിലോയ്ക്ക് 260 രൂപയായിരുന്നു വില. വരുംദിനങ്ങളിലും വില ഉയരുമെന്നാണ് സൂചന.

# ഇളഇഞ്ചിക്ക് ഡിമാന്റ്

ഇഞ്ചിയ്ക്ക് കടുത്ത ക്ഷാമമായതോടെ വിപണിയിൽ മൂപ്പെത്താത്ത ഇളഇഞ്ചി വ്യാപകമായി. എരിവും രുചിയും കുറവാണെങ്കിലും ഹോട്ടൽ ആവശ്യത്തിനും വീട്ടാവശ്യത്തിനുമൊക്കെ ഇതാണ് ഉപയോഗിക്കുന്നത്. മൊത്തവിപണിയിൽ 80രൂപയാണ് ഇളഇഞ്ചിയുടെ വില. ചില്ലറവിപണിയിൽ ഇത് 120രൂപയും.

തലയോലപറമ്പ്, പാലക്കാട്,മൂവാറ്റുപുഴ, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് നാടൻ ഇഞ്ചി വിപണിയിൽ എത്തുന്നത്. ഇത്തവണ ഇതും കുറവാണ്.

ഓണസദ്യയിൽ ഇത്തവണ ഇഞ്ചിക്കറിയുടെ സ്വാദ് കുറയുമോയെന്ന ആശങ്കയിലാണ് വീട്ടമ്മമാർ.

# പ്രളയം വിലയെ ബാധിച്ചില്ലെന്ന്

കച്ചവടക്കാർ

സവാള വിലയിൽ വർദ്ധനയുണ്ടായതൊഴിച്ചാൽ കഴിഞ്ഞ ആഴ്ചയിലെ പേമാരി പച്ചക്കറി വിലയെ കാര്യമായി ബാധിച്ചില്ലെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. ഓണം ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന വാഴയും പടവലവും പാവലും പീച്ചിങ്ങയും കനത്ത മഴയിലും കാറ്റിലും നശിച്ചതിനാൽ വില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.എച്ച്.ഷമീദ് പറഞ്ഞു.

ഒരു മാസം മുമ്പു വരെ 16 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ കിലോ വില 34 ആയി. 28 രൂപയാണ് മൊത്ത വില