river
ആറാട്ടുപുഴ സമഗ്ര വികസന പദ്ധതിയുടെ മുന്നോടിയായി അതിരുകൾ കല്ലിട്ട് തിരിക്കൽ സർവേ റോജി എം. ജോൺ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മൂക്കന്നൂർ, തുറവൂർ പഞ്ചായത്തുകൾ അതിരായിട്ടുള്ള ആറാട്ടുപുഴ ജലാശയം സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ആറാട്ടുപുഴ അളന്ന് അതിരുകൾ കല്ലിട്ട് തിരിക്കൽ ആരംഭിച്ചു. കാളാർകുഴി നീർപ്പാലത്തിന് സമീപം റോജി എം.ജോൺ എം. എൽ. എ. സർവേ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കോ ഓർഡിനേറ്റർ ടി. എം. വർഗീസ് പദ്ധതി അവതരിപ്പിച്ചു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടിൽ, ഗ്രേയ്‌സി റാഫേൽ, ലീലാമ്മ പോൾ, കെ.വി. ബിബീഷ്, കെ.പി. അയ്യപ്പൻ, എം.എം. ജെയ്‌സൺ ചെറുകിട ജലസേചന വകുപ്പ് അസി. എൻജിനിയർ അജ്മൽ എന്നിവർ പ്രസംഗിച്ചു.
ആറാട്ടുപുഴ അളന്ന് തിട്ടപ്പെടുത്തുന്നതിനും അതിരുകൾ കല്ലിട്ട് തിരിക്കുന്നതിനും പ്രാഥമിക പദ്ധതി രൂപീകരണത്തിനുമായി ജലവിഭവ വകുപ്പ് 2,90,000 രൂപ അനുവദിച്ചിട്ടുണ്ട്. അളന്ന് തിരിക്കൽ പൂർത്തിയാക്കുന്നതോടെ ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ജലാശയത്തിലെ ചെളി നീക്കൽ ആരംഭിക്കും.