വൈപ്പിൻ : ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്ന സിനിമാ പ്രേമികൾക്ക് കൂടി ഉപകരിക്കുന്ന കെ. സിനിമാസ് മൾട്ടിപ്ളക്സ് തിയേറ്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് നടക്കും.
23 മുതൽ സ്‌ക്രീൻ ഒന്നിൽ പൊറിഞ്ചു മറിയം ജോസ്, സ്ക്രീൻ രണ്ടിൽ കുമ്പാരീസ് എന്നീ റീലീസ് ചിത്രങ്ങളാണ് പ്രദർശനം.
വൈപ്പിൻ സംസ്ഥാന പാതയിൽ അയ്യമ്പിള്ളി മനപ്പിള്ളി റോഡ് കയറുന്നിടത്ത് ഒന്നര ഏക്കറിലധികം സ്ഥലത്താണ് കെ.സിനിമാസ് മൾട്ടിപ്ലക്‌സ്.
കേരളത്തിലെ മറ്റു മൾട്ടിപ്ലക്സുകളോട് കിടപിടിക്കുന്ന ഏറ്റവും നൂതന സംവിധാനങ്ങളാണ് രണ്ട് തീയറ്ററുകളിലും. അമേരിക്കയുടെ ഒറിജിനൽ ക്ലിപ്‌സ് ഡോൾബി സൗണ്ട് സിസ്റ്റം, 4-കെ അൾട്രാ എച്ച്.ഡി. പ്രൊജക്ഷൻ, ട്രിപ്പിൾ ബീം ത്രീഡി സംവിധാനം, ഏറ്റവും ആധുനികമായ മിറാജ് സിൽവർ സ്‌ക്രീൻ, മുംബൈ പെൻവർക്കർ ലക്ഷ്വറി സീറ്റ്, മുഴുവനായും ശീതികരിച്ച ലോബിയും ഫുഡ് കോർട്ടും, അതിവിശാലമായ കാർപാർക്കിംഗ് സൗകര്യം തുടങ്ങിയവയാണ് മൾട്ടിപ്ലക്‌സിന്റെ പ്രത്യേകതകൾ. സ്‌ക്രീൻ ഒന്നിൽ 365 ഉം, സ്‌ക്രീൻ രണ്ടിൽ 215 ഉം സീറ്റുകളുണ്ട്. ബുക്ക് മൈ ഷോ ആപ്പിലൂടെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഒരോ സ്ക്രീനിലും തുടക്കത്തിൽ നാല് പ്രദശനങ്ങളുണ്ടാകും. ഫോൺ 0484 - 2960960.
മുക്കാൽ നൂറ്റാണ്ടിനു മുമ്പ് ആരംഭിച്ച ചെറായി സ്റ്റാർ,വിക്ടറി, എളങ്കുന്നപ്പുഴ സുജാത, ഞാറക്കൽ കാളിദാസ് എന്നിവയെല്ലാം വിസ്മൃതിയിലായശേഷം വൈപ്പിൻ ദ്വീപിൽ ആരംഭിക്കുന്ന മൾട്ടിപ്ളക്സാണിത്. ഞാറക്കൽ മെജസ്റ്റിക് തീയറ്റർ മൂന്ന് തീയറ്റുകൾ ഉള്ള മൾട്ടിപ്ലക്‌സ് ആക്കിയതോടെയാണ് പേരിനെങ്കിലും വീണ്ടും മേഖലയിൽ സിനിമാ തീയറ്റർ ഉണ്ടായത്. രണ്ടാമത്തെ മൾട്ടിപ്ലക്‌സാണ് കെ. സിനിമാസ്.