mannu
സി.എം.എഫ്.ആർ.ഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം തയ്യാറാക്കിയ മണ്ണില്ലാ നടീൽ മിശ്രിതം

കൊച്ചി: കൃഷി ചെയ്യാൻ ഗുണമേന്മയുള്ള മണ്ണില്ലെന്നോർത്ത് ഇനിയാരും മാറിനിൽക്കേണ്ട. മണ്ണില്ലാ നടീൽ മിശ്രിതം തയ്യാർ. എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച് നിർമിച്ച മിശ്രിതം ഇനി മണ്ണിനു പകരം ഉപയോഗിക്കാം. പത്തു കിലോ പാക്കറ്റുകളിൽ ഗോശ്രീ പാലത്തിന് സമീപത്തെ സി.എം.എഫ്.ആർ.ഐയിലുള്ള കെ.വി.കെ വിപണന കേന്ദ്രത്തിൽ നിന്ന് എല്ലാ പ്രവൃത്തിദിനങ്ങളിലും ഇവ ലഭിക്കും. ഒരു പായ്ക്കറ്റിന് 125 രൂപയാണ് വില. ഒരു ചെടി നടാൻ പത്തു കിലോ മിശ്രിതമാണ് വേണ്ടത്. പാക്കറ്റുകളിൽ നേരിട്ട് ചെടികൾ നടാം. ഗ്രോബാഗുകളിലും ചട്ടികളിലും മറ്റും കൃഷി ചെയ്യാനും മിശ്രിതം ഉപയോഗിക്കാം.മണ്ണില്ലാ നടീൽ മിശ്രിതം നിർമ്മിക്കാൻ താല്പര്യമുള്ളവർക്ക് സംരംഭകത്വ വികസനപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങൾക്ക് : 8281757450

#എന്ത് കൊണ്ട് നടീൽ മിശ്രിതം
നഗരപ്രദേശങ്ങളിൽ ജൈവകൃഷി ചെയ്യുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഗുണമേന്മയുള്ള മണ്ണിന്റെ ലഭ്യതക്കുറവ്. സാധാരണ ഒരു വീട്ടിൽ 30 ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്നതിന് 150 കിലോ മണ്ണ് വേണം. വർദ്ധിച്ചുവരുന്ന മണ്ണിടിച്ചിലും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഖനനത്തിൽ സർക്കാർ വിലക്കേർപ്പെടുത്തിയതും ഗുണമേന്മയുള്ള മണ്ണ് ലഭ്യമല്ലാതാകാൻ കാരണമായി. ലഭിക്കുന്ന മണ്ണാവട്ടെ കല്ലും വേരുകളും നിറഞ്ഞതായതിനാൽ ചെടികളുടെ വളർച്ചയെ സാരമായി ബാധിക്കുന്നു. മണ്ണിന് പകരമായി പ്രചാരത്തിലുള്ള ചകിരിച്ചോർ ഉപയോഗിച്ചുള്ള മിശ്രിതങ്ങളിൽ വേരുപിടുത്തം ബുദ്ധിമുട്ടാകുന്നതും നഗരപ്രദേശങ്ങളിലെ ജൈവകൃഷിയെ സാരമായി ബാധിക്കുമ്പോഴാണ് കൃഷി വിജ്ഞാനകേന്ദ്രം പുത്തൻ മണ്ണില്ലാ മിശ്രിതം പരീക്ഷിച്ച് വിജയിച്ചത്.

# പഞ്ചസാര നിർമ്മാണത്തിന്റെ ഉപോത്പന്നമായി ലഭിക്കുന്ന പ്രെസ് മഡ് ജൈവീക വിഘടനം നടത്തി ചെടികൾക്ക് ആവശ്യമായ ജൈവവളങ്ങളും ചേർത്താണ് മിശ്രിതം തയ്യറാക്കുന്നത്.