കൊച്ചി: പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ പദ്ധതികളൊരുക്കി ടൂറിസം വകുപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചി, രണ്ടാം പ്രളയത്തിലും തളരാതെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങിയിക്കുന്നു. രണ്ടാഴ്ചക്കകം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വിനോദ സഞ്ചാരികളെ വരവേൽക്കാൻ പൂർണ സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. ഓണക്കാലത്ത് ഗ്രാമീണ, വനമേഖലകളിലെ കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
# ഫോർട്ട് കൊച്ചി
പുരാതന യൂറോപ്യൻ നഗരത്തിന്റെ ദൃശ്യഭംഗിയുള്ള ഫോർട്ടുകൊച്ചി വിദേശികൾക്ക് എന്നും പ്രിയപ്പെട്ട ഇടം. വാസ്‌കോ ഡ ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി, ബാസ്റ്റ്യൻ ബംഗ്ലാവ്, ഡച്ചുകാരുടെ കാലത്ത് നിർമ്മിച്ച ഡേവിഡ് ഹാൾ, ഡച്ച് സെമിത്തേരി, പോർച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോർട്ടുകൊച്ചി കടപ്പുറത്തെ ചീനവലകൾ, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, ജൈന ക്ഷേത്രം തുടങ്ങി കാണാൻ ഒട്ടനവധി.
# ചെറായി ബീച്ച്
പ്രതിദിനം നൂറുകണക്കിന് വിദേശികളെ ആകർഷിക്കുന്ന ഇടമാണ് ചെറായി ബീച്ച്. ചെറുതും വലുതുമായ ഒട്ടേറെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്.
# മുസിരിസ് ബീച്ചിൽ ചൂണ്ടയിടാം
മുനമ്പം അഴിമുഖത്തിന് തെക്ക് ഭാഗത്ത് മുനമ്പത്താണ് മുസിരിസ് നടപ്പാത.ഇതിന്റെ വടക്കുവശത്ത് വിനോദസഞ്ചാരികൾക്ക് ചൂണ്ടയിടാം. തെക്കുഭാഗത്തെ വിശാലമായ മണല്പരപ്പ് മറ്റൊരു ആകർഷണമാണ്.
# തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രം
രാവിലെയും വൈകിട്ടുമുള്ള പക്ഷി നിരീക്ഷണമാണ് സഞ്ചാരികളെ മുഖ്യമായി ആകർഷിക്കുന്നത്. കൂട്ടിക്കലിലേക്ക് തട്ടേക്കാട് നിന്ന് ട്രെക്കിംഗ് നടത്താം. ഇടമലയാറും പെരിയാറും ഇഴചേരുന്ന കൂട്ടിക്കൽ ദ്വീപ് മനോഹര സ്ഥലം. ചിത്രശലഭോദ്യാനം, നക്ഷത്ര വനം, ഔഷധോദ്യാനം, സിംഹവാലൻ, രാജവെമ്പാല തുടങ്ങിയ വന്യജീവികളുടെ പുനരധിവാസ കേന്ദ്രം, വർണ മത്സ്യങ്ങളുള്ള അക്വേറിയം തുടങ്ങിയവ കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്നു.
# പുതുവൈപ്പ് ബീച്ച്
പുതുവൈപ്പ് ലൈറ്റ് ഹൗസും ബീച്ചും . ലൈറ്റ് ഹൗസിനോട് ചേർന്ന് വിശാലമായ കടൽത്തീരവുമുണ്ട്.
# ഹിൽ പാലസ്
പുരാവസ്തു മ്യൂസിയം. രത്നങ്ങൾ പതിച്ച സ്വർണത്തിന്റെ രാജകിരീടം,വിശേഷപ്പെട്ട ആഭരണങ്ങൾ, രാജസിംഹാസനം . മാൻ പാർക്ക്, കുട്ടികൾക്ക് കളിക്കാൻ പാർക്ക്.
# ഞാറയ്ക്കൽ അക്വാ ടൂറിസം സെന്റർ
മത്സ്യഫെഡിന്റെ സംരംഭമായ അക്വാ ടൂറിസം സെന്ററിൽ മത്സ്യവിഭവങ്ങൾ ചേർത്തുള്ള ഉച്ചയൂണുൾപ്പെടെ ലഭിക്കും. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മീൻപിടിത്തവും ബോട്ടിംഗും നടത്തി മടങ്ങാം. മാലിപ്പുറം അക്വാ ടൂറിസം സെന്റർ കണ്ടൽക്കാടുകളോട് ചേർന്ന മീൻപാടങ്ങളാണിവിടത്തെ പ്രത്യേകത. സ്പീഡ് ബോട്ടിൽ മീൻപാടങ്ങളിലൂടെയുള്ള യാത്രയിൽ മീൻ ചാടിക്കളിക്കുന്ന കാഴ്ച കാണാം.
# കോടനാട്
ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കോടനാട് ‘ആനക്കളരി’ കുറേക്കൂടി വിശാലമാക്കിയതാണ് ‘അഭയാരണ്യം’. പെരിയാറിന്റെ തീരത്ത് വനംവകുപ്പ് വിഭാവനം ചെയ്ത മൃഗങ്ങളുടെ ഉദ്യാനമായ ‘അഭയാരണ്യ’ത്തിന്റെ വിസ്തൃതി 321 ഏക്കറാണ്. ഒന്നര കി.മീ നീളത്തിൽ പുഴയോരത്തു കൂടിയുള്ള നടപ്പാത, ഔഷദ്ധസസ്യത്തോട്ടം, ശലഭോദ്യാനം, ഓർക്കിഡ് ഗവേഷണ കേന്ദ്രം, രക്തചന്ദന തോട്ടം എന്നിവയാണ് ആകർഷണം.
# ഇരിങ്ങോൾ കാവ് വനം
പെരുമ്പാവൂർ നഗരസഭ പരിധിയിൽ 50 ഏക്കറോളം വിസ്തൃതിയുള്ളതാണ് ഇരിങ്ങോൾ കാവ് വനം. നഗരമധ്യത്തിൽ വൻ വൃക്ഷങ്ങളും സസ്യലതാദികളും പക്ഷികളും നിറഞ്ഞ ക്ഷേത്രസങ്കേതം
# പാണിയേലി പോര്
പെരിയാറിൽ ചെറു വെള്ളച്ചാട്ടങ്ങളുടെ ഇടമാണ് ‘പാണിയേലി പോര്’. പുഴയും വനവും കൈകോർക്കുന്ന, ഇവിടം മനോഹാരിത പോലെ തന്നെ അപകടകരവുമാണ്. പോര് വനസംരക്ഷണ സമിതിയുടെ ഗാർഡുമാർ നൽകുന്ന നിർദേശങ്ങ കർശനമായി പാലിക്കുകയും സാഹസികത പൂർണമായി ഒഴിവാക്കുകയും ചെയ്തില്ലെങ്കിൽ യാത്രയുടെ കഥ മറ്റൊന്നാകും. ബോട്ടിംഗാണ് പ്രധാന ആകർഷണം. കിഡ്‌സ് ബോട്ട്, 5 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട്, പെയിന്റ് ബോൾ, വാട്ടർ റോളർ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകങ്ങളായ ഒട്ടേറെ ഇനങ്ങൾ പാർക്കിലുണ്ട് .
പ്രളയം ബാധിച്ചില്ല
ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സെപ്തംബർ ഒന്നിന് മുമ്പ് വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങും .ഇപ്രാവശ്യം പ്രളയം നമ്മെ കാര്യമായി ബാധിച്ചിട്ടില്ല.
വിജയകുമാർ, സെക്രട്ടറി ഡി.ടി.പി.സി.
.