മാറ്റം സെപ്റ്റംബർ 16 ന്

പിറവം: എല്ലാ എതിർപ്പുകളെയും അവഗണിച്ച് പിറവത്തെ ജല അതോറിറ്റി പ്രൊജക്ട് ഓഫീസ് സെപ്തംബർ 16 ന് പാലക്കാട്ടേക്ക് മാറ്റുന്നു. ഉത്തരവ് പിറവം ഓഫീസിൽ ലഭിച്ചു.

അനൂപ് ജേക്കബ് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും എതിർപ്പുയർത്തിയെങ്കിലും ഓഫീസ് മാറ്റത്തിന് തടയിടാൻ പറ്റിയില്ല.

# ആരംഭിച്ചത് 1992 ൽ

ടി.എം.ജേക്കബ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് 1992 ൽ കെ. കരുണാകരൻ മന്ത്രിസഭ പിറവത്ത് ജല അതോറിറ്റി ഡിവിഷൻ ഓഫീസ് ആരംഭിച്ചത്. പിറവം, കോതമംഗലം ,മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലെ പുതിയ ജോലികൾ ഏറ്റെടുക്കുന്നത് ഇവിടെ നിന്നായിരുന്നു.

2009ൽ ഡിവിഷൻ മെയിന്റനൻസ് ഓഫീസ് മൂവാറ്റുപുഴയ്ക്ക് മാറ്റി. പ്രൊജക്ട് ഓഫീസ് കൂടി പോകുന്നതോടെ നിർമ്മാണ ജോലികളുടെ മേൽനോട്ടം ഇടുക്കി കട്ടപ്പന ഡിവിഷൻ ഓഫീസിലേക്ക് മാറും.

# താറുമാറാകും

പിറവം മേഖലയിൽ ഇപ്പോൾ നടക്കുന്ന പല നിർമ്മാണ പ്രവർത്തനങ്ങളും ഓഫീസ് മാറ്റത്തോടെ താറുമാറാകും എന്നാണ് ആശങ്ക. കോതമംഗലം നിയോജക മണ്ഡലത്തിലെ കീരംപാറ, കുട്ടമ്പുഴ, പൈങ്ങോട്ടൂർ മൂവാറ്റുപുഴ മണ്ഡലത്തിലെ ആരക്കുഴ പാലക്കുഴപദ്ധതികൾ എന്നിവയാണ് ഇപ്പോൾ നടക്കുന്ന നിർമ്മാണങ്ങൾ

കാലഹരണപ്പെട്ട വിതരണലൈനുകളിലൂടെ ആണ് പിറവത്ത് ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം. മൂവാറ്റുപുഴയാർ കേന്ദ്രീകരിച്ചുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളും അവഗണിക്കപ്പെട്ടേക്കാം.

# പുനഃപരിശോധിക്കണം

പിറവത്തെ ജല അതോറിറ്റി ഓഫീസ് മാറ്റാനുള്ള നീക്കം അധികൃതർ തിരുത്തണം. ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങളേയും പുതിയ പ്രൊജക്ടുകളേയും ഓഫീസ് മാറ്റം പ്രതികൂലമായി ബാധിക്കും.

എം.എൻ.മധു

ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി