തോപ്പുംപടി: ഇടക്കൊച്ചിയിൽ അക്വിനാസ് കോളേജ് മുതൽ ബി.എസ്.എൻ.എൽ വരെയുള്ള അനധികൃത കൈയ്യേറ്റങ്ങൾ കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ഇന്നലെ രാവിലെ 7 ന് തുടങ്ങിയ പൊളിക്കൽ നടപടികൾ വൈകിട്ട് വരെ തുടർന്നു.കഴിഞ്ഞ ദിവസം തോപ്പുംപടി മുതൽ അരൂർ വരെ വൻതോതിൽ അനധികൃത കൈയ്യേറ്റം എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അമൃതം പദ്ധതിയുമായി ബന്ധപ്പെട്ട് ഈ ഭാഗങ്ങളിൽ കാന നിർമ്മാണം നടന്നു വരികയാണ്. എന്നാൽ കൈയ്യേറ്റം മൂലം പണി പാതിവഴിയിൽ മുടങ്ങി. തുടർന്ന് പൊളിക്കൽസമയത്ത് ചെറിയ തോതിൽ സംഘർഷങ്ങൾ ഉണ്ടായി. പള്ളുരുത്തി സി.ഐ. ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലം സ്ഥലത്ത് എത്തിയതോടെ രംഗം ശാന്തമായി. കൊച്ചിൻ കോർപ്പറേഷൻ എ.എക്സ്.സി ഹരി, എ.ഇ.റാണി, ബി.ഐ.സുരേഷ്, നഗരസഭാംഗങ്ങളായ കെ.ജെ.ബേസിൽ, പ്രതിഭ അൻസാരി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ പൊളിക്കൽ സ്ഥലത്ത് തടിച്ചു കൂടി. സംഘർഷത്തെ തുടർന്ന് കുറച്ച് നേരം ഗതാഗതം സ്തംഭിച്ചു. വരും ദിവസങ്ങളിലും പൊളിക്കൽ നടപടികൾ തുടരുമെന്ന് അധികാരികൾ അറിയിച്ചു.

#നോട്ടീസ് നൽകിയിട്ടും അനങ്ങിയില്ല

നഗരസഭ സ്വകാര്യ വ്യക്തികൾക്ക് നോട്ടിസ് നൽകി.നടപടിയെടുക്കാതത്തിനെ തുടർന്നാണ് പൊളിക്കൽ നടന്നത്.സംസ്ഥാന പാതയിൽ നിന്നും 5 കി.മീ വീതിയിലാണ് കൈയ്യേറ്റങ്ങൾ നടന്നിരിക്കുന്നത്.ഇതോടെ 60 സെന്റീമീറ്റർ കാനനിർമ്മാണം ഒരു മീറ്റർ ആയി വീതിയിലാകും.

# ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം

തോപ്പുംപടി മുതൽ അരൂർ വരെ റോഡും കായലും വൻതോതിൽ സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുകയാണ്. അന്നത്തെ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വൻതോതിൽ കൈയ്യേറ്റങ്ങൾ നടന്നിരിക്കുന്നത്. ഒത്താശ ചെയ്ത് കൊടുത്ത ഉദ്യോഗസ്ഥൻമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.