കൊച്ചി: സമഗ്രാധിപത്യത്തിന്റെ രാഷ്ട്രീയ തീരുമാനമാണ് കാശ്മീരിൽ കേന്ദ്ര സർക്കാർ നടപ്പായതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം.പി. പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75 ാം ജന്മദിനത്തിൽ ഡി.സി.സി സംഘടിപ്പിച്ച 'ആർട്ടിക്കിൾ 370, ഒരു ജനതയുടെ സ്വത്വബോധമായിരുന്നു' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആർ.എസ്.എസ് അജൻഡ സവർക്കറുടെ നൂറാം ജന്മവാർഷികമായ 2023 ൽ നടപ്പാൻ കേന്ദ്രം ശ്രമിക്കുകയാണ്. യു.എ.പി.എ, കാശ്മീർ, മുത്തലാക്ക്, വിവരാവകാശ നിയമങ്ങൾ തുടങ്ങി പാർലമെന്റിൽ പാസാക്കുന്ന ഓരോ ബില്ലുകളും ഇതിന് തെളിവാണ്. ഏകസിവിൽകോഡ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സെബാസ്റ്റ്യൻ പോൾ, പ്രൊഫ. റോണി കെ. ബേബി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡി.സിസി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., പി.ടി തോമസ് എം.എൽ.എ., മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ കെ.പി ധനപാലൻ, എൻ. വേണുഗോപാൽ, അജയ് തറയിൽ, ലാലി വിൻസന്റ്, കെ.പി.സി.സി സെക്രട്ടറിമാരായ ഐ.കെ. രാജു, കെ.കെ. വിജയലക്ഷ്‌മി, ജയ്‌സൺ ജോസഫ്, ടി.എം സക്കീർ ഹുസൈൻ, മുൻ എം.എൽ.എമാരായ എം.എ. ചന്ദ്രശേഖരൻ, പി.ജെ ജോയി, ലൂഡി ലൂയിസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ ജോൺ, കെ.ബി മുഹമ്മദ് കുട്ടി ഡി.സി.സി സെക്രട്ടറിമാരായ കെ.വി.പി കൃഷ്ണകുമാർ, രാജു പി. നായർ എന്നിവർ പ്രസംഗിച്ചു.