# റൂട്ടുമാറി ലോറി സഞ്ചരിച്ചത് ദുരൂഹമെന്ന് ആരോപണം

അങ്കമാലി: സപ്ലൈകോയുടെ അരി കയറ്റി വന്ന രണ്ട് ലോറികളിലൊന്ന് മതിലിടിച്ച് തകർത്തു. അങ്കമാലി ഈസ്റ്റ് നഗർ കോച്ചാപ്പിള്ളി ബേബിയുടെ വീടിന്റെ മതിലാണ് ലോറിയിടിച്ച് ഭാഗികമായി തകർന്നത്. അരിയുമായി കാലടിയിലെ ഒരു മില്ലിൽ നിന്ന് പുനലൂർ ഡിപ്പോയിലേക്ക് പോയതാണ് ലോറികൾ. എം.സി റോഡ് വഴി അങ്കമാലിയിലെത്തി ദേശീയപാതയിൽ പ്രവേശിച്ച് പുനലൂരിലേയ്ക്ക് പോകേണ്ട ലോറികൾ ഇടറോഡിലൂടെ കയറി ഒരു കിലോമീറ്ററിലധികം സഞ്ചരിച്ച് ഈസ്റ്റ് നഗർ ഭാഗത്തേയ്ക്ക് പോയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നു.

വാഹനം അപകടത്തിൽപ്പെട്ടതറിഞ്ഞ് അങ്കമാലി പൊലീസ് സ്ഥലത്തെത്തി. പൊലീസ് അറിയിച്ചതിനെ തുടർന്ന് ആലുവ താലൂക്ക് സപ്ലൈ ഓഫീസർ പി.വി. സിന്ധുവും എത്തി പരിശോധന നടത്തി. രേഖകളിൽ കൃത്രിമമൊന്നും
കണ്ടെത്തിയില്ല. എന്നാൽ പുനലൂരിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ ഇടറോഡിലൂടെ പോയതെന്തിനെന്ന കാര്യത്തിൽ വ്യക്തതയില്ല. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഭയന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടതാണെന്നാണ് അപകടത്തിൽപെട്ട ലോറിയുടെ ഡ്രൈവർ പറയുന്നത്. അങ്കമാലി ഓലിയംകപ്പേളക്ക് സമീപത്ത് നിന്നാണ് വാഹനങ്ങൾ ഇടറോഡിലേയ്ക്ക് തിരിഞ്ഞുപോയത്. ഈ ഭാഗത്ത് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല.

ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച ലോറി ആദ്യം ഇലക്ട്രിക് പോസ്റ്റിലിടിച്ചു. തുടർന്ന് പിന്നോട്ടെടുത്തപ്പോഴാണ്
പിൻചക്രം മണ്ണിൽ താഴ്ന്ന് മതിലിടിച്ചത്. ലോറി ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. മറിഞ്ഞിരുന്നുവെങ്കിൽ വീടിന് മുകളിലേയ്ക്ക്
പതിക്കുമായിരുന്നു.

അരിയുമായി പോയ ലോറികൾ വഴിമാറിപ്പോയത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് സപ്ലൈ ഓഫീസർ അറിയിട്ടു. രണ്ട് ലോറികളിലുമായി മൊത്തം 41 ടൺ അരിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെ
ലോറികൾ സംഭവസ്ഥലത്ത് നിന്ന് മാറ്റി.