കൊച്ചി: പെരുമഴ അടങ്ങിയതോടെ ഓണത്തിരക്കിലേയ്ക്ക് കടക്കുകയാണ് കൊച്ചി നഗരം. 21 ദിനം മാത്രം അകലെ നിൽക്കുന്ന തിരുവോണത്തിന് കച്ചവടക്കാരും നഗരവാസികളും തയ്യാറെടുക്കുന്നു.
കൈത്തറി വസ്ത്രങ്ങളും ഉത്തരേന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങളും മറ്റും പ്രദർശന നഗരികളിൽ സ്ഥാനം പിടിച്ചു.
ഓണം ബോണസ് കൈകളിലെത്തിയാൽ അടുത്തയാഴ്ചയോടെ ഓണക്കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
പ്രളയത്തിൽ നിന്ന് വീണ്ടെടുത്ത നാടൻ പച്ചക്കറികളുടെ രണ്ടുദിവസത്തെ പ്രദർശനം മറൈൻഡ്രൈവിലെ ഹെലിപാഡിൽ ഹിറ്റായത് കച്ചവടക്കാരിൽ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മയിൽ ഇത്തവണ കേരളത്തിലേക്ക് ഓണക്കച്ചവടത്തിനെത്താൻ അന്യസംസ്ഥാന കച്ചവടക്കാർ ആദ്യം മടിച്ചു. ആഗസ്റ്റ് ആദ്യവാരത്തെ മഴ കണ്ട് ഇത്തവണത്തെ കച്ചവടവും മഴ കൊണ്ടുപോകുമോയെന്ന പേടി കേരളത്തിലെ കച്ചവടക്കാർക്കും ഉണ്ടായിരുന്നു. മാനം തെളിഞ്ഞതോടെ ആശങ്കയകന്നു.
രണ്ടാംപ്രളയത്തിൽ പാലക്കാട്, കണ്ണൂർ ജില്ലകൾ വെള്ളത്തിൽ മുങ്ങിയെങ്കിലും കഴിഞ്ഞ വർഷം ചേന്ദമംഗലം കൈത്തറി മേഖല നേരിട്ട പ്രതിസന്ധി തങ്ങൾക്ക് നേരിടേണ്ടി വന്നില്ലെന്ന് അവിടെ നിന്നെത്തിയ കച്ചവടക്കാർ പറഞ്ഞു.
കുത്താമ്പുള്ളി, കണ്ണൂർ കൈത്തറികളോടൊപ്പം അതിജീവനവുമായി ചേന്ദമംഗലം കൈത്തറിയും പ്രദർശന നഗരിയിൽ എത്തിയിട്ടുണ്ട്. മുംബയ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളും അച്ചാർ, മിഠായി മധുരങ്ങളുമായി കച്ചവടക്കാരെത്തിയിട്ടുണ്ട്. കത്തി മുതൽ വാഹനങ്ങൾ വരെ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന പ്രദർശന നഗരികളിലേക്ക് അടുത്തയാഴ്ചയോടെ തിരക്ക് വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.
കൈത്തറി മേള @എറണാകുളത്തപ്പൻ ഗ്രൗണ്ട്
വ്യവസായ വാണിജ്യ വകുപ്പിന്റെയും കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ഓണം കൈത്തറി, കയർ, കരകൗശല, ചെറുകിട വ്യാപാരമേള ഇന്നലെ മുതൽ ആരംഭിച്ചു. സെപ്തംബർ 9 വരെ എറണാകുളം ശിവക്ഷേത്ര മൈതാനത്തിലാണ് മേള. കേരളത്തിന്റെ തനത് കൈത്തറി സെറ്റ് സാരികൾ, സെറ്റ് മുണ്ടുകൾ, കോട്ടൺ ഷർട്ടുകൾ, കാവി മുണ്ടുകൾ, തോർത്തുകൾ, ബെഡ്ഷീറ്റുകൾ, ഫർണിഷിംഗ് മെറ്റീരിയൽസ്, കരകൗശല, ചെറുകിട വ്യവസായ ഉല്പന്നങ്ങൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമായിരിക്കും. കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം ഉത്സവകാല റിബേറ്റോടെ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാം.
"ഇത്തവണ എത്തിയ കച്ചവടക്കാർ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം കുറവാണ്. പ്രളയവും ജി.എസ്.ടിയുമെല്ലാം കാരണമാണ്. എങ്കിലും അടുത്തയാഴ്ചയോടെ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ. "
ബിനു പി.ജി
എക്സിബിഷൻ കോ ഓർഡിനേറ്റർ