അങ്കമാലി: അങ്കമാലി നഗരസഭയിലെ 5 വാർഡുകൾ ഉൾപ്പെടുന്ന നായത്തോട് മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സിയാൽ ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള സംഘം സിയാൽ അധികൃതരുമായി ചർച്ച നടത്തി. ചെങ്ങൽതോട് തുറങ്ങര തോടുമായി ബന്ധിപ്പിച്ച് ചെത്തിക്കോട് ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും നായത്തോട് സൗത്ത് ഭാഗത്തുനിന്നും എയർപോർട്ട് ഭാഗത്തേക്കുള്ള തോടിന്റെ ഇരുവശവും കെട്ടി അടിഭാഗം കോൺക്രീറ്റിംഗ് നടത്തി ജലമൊഴുക്ക് സുഗമമാക്കണമെന്നും എൻ.എസ്.എസ് കരയോഗത്തിന്റെ പടിഞ്ഞാറുഭാഗം മുതൽ എത്തിച്ചേരുന്ന പെയ്ത്തുവെള്ളം ഇറിഗേഷൻ കനാലിന്റെ പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് പുതിയ കാനനിർമ്മിച്ച് എയർപോർട്ട് ഭാഗത്തേക്ക് ഒഴുക്കി വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും സംഘം അഭിപ്രായപ്പെട്ടു.
രണ്ടുവർഷം മുൻപ് എയർപോർട്ട് വാർഡ് കൗൺസിലർ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ സർവേ നടത്തി എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും പ്രവേത്തി ആരംഭിച്ചിരുന്നില്ല
നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, രേഖ ശ്രീജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് സിയാൽ എം.ഡി.വി.ജെ.കുര്യനുമായി ചർച്ച നടത്തിയത്. സിയാൽ എച്ച്.ആർ ഹെഡ് വി. ജയരാജും പങ്കെടുത്തു.
പുതിയ സർവേ നടത്തി പ്രശ്‌ന പരിഹാരത്തിന് സാദ്ധ്യമായതെല്ലാം ചെയ്യാമെന്ന് സിയാൽ എം.ഡി. വി.ജെ കുര്യൻ സംഘാംഗങ്ങൾക്ക് ഉറപ്പ് നൽകി