kaasvi
കാശ്‌വി

കൊച്ചി : പിറന്നുവീഴുമ്പോൾ ഉള്ളംകൈയിൽ ഒതുങ്ങുന്ന വലുപ്പമായിരുന്നു കാശ്‌വിക്ക്. ഭാരം 380 ഗ്രാം. പിറന്നത് ഗർഭത്തിന്റെ 23 ാം ആഴ്ചയിൽ. ജീവൻ നിലനിൽക്കുമോയെന്ന് ആശങ്കപ്പെട്ടവരെ നോക്കി കാശ്‌വി ഇപ്പോൾ ചിരിതൂകുന്നു.

കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു എറണാകുളം ലൂർദ് ആശുപത്രിയിലാണ് ജനിച്ചത്. നവജാത ശിശുരോഗ വിദഗ്ദ്ധൻ ഡോ. റോജോ ജോയുടെ നേതൃത്വത്തിൽ നൂതനചികിത്സയിലൂടെ രാവും പകലും ആത്മസമർപ്പണം ചെയ്ത് തിരികെ കൊണ്ടുവന്നതാണ് കാശ്‌വിയുടെ ജീവൻ.

അഞ്ചാം മാസം വയറുവേദനയെത്തുടർന്നാണ് മേയ് ഒന്നിന് ഉത്തർപ്രദേശ് സ്വദേശിയായ ശിവാങ്കിയെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലൂർദ്ദിലെ ഡോ. ദിഗ് വിജയ്‌യുടെ ഭാര്യയാണ് ശിവാങ്കി. മുമ്പ് മൂന്നു തവണ ഗർഭമലസിയതിൽ വർഷങ്ങൾ കാത്തിരുന്നാണ് വീണ്ടും ഗർഭം ധരിച്ചത്.

പൂർണവളർച്ചയെത്താതെ ജനിച്ചതിനാൽ കുഞ്ഞിന് സ്വന്തമായി ശ്വസിക്കാൻ കഴിവില്ലായിരുന്നു. കൃത്രിമ ശ്വാസം നൽകി അത്യാധുനിക സംവിധാനങ്ങളുള്ള നവജാതശിശു ഐ.സി.യുവിലേയ്ക്ക് മാറ്റി. തലച്ചോറിന്റെ വളർച്ച, ഹൃദയമിടിപ്പ്, ശ്വാസകോശം, മറ്റ് ആന്തരികാവയവങ്ങൾ എന്നിവയെല്ലാം പൂർണമായിരുന്നില്ല. വൈകല്യങ്ങൾ കൂടാതെ കുഞ്ഞിനെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരിക വെല്ലുവിളിയായിരുന്നെന്ന് ഡോ. റോജോ ജോ പറഞ്ഞു.

അമ്മയുടെ ഗർഭപാത്രത്തിലേതുപോലെ ഈർപ്പവും ശരീരത്തിലെ ചൂടും നിലനിറുത്തി അണുബാധ പ്രതിരോധിച്ച് മെഡിക്കൽ സംഘം രാവും പകലും കാശ്‌വിയെ പരിചരിച്ചു. പതിനാറ് ദിവസം കഴിഞ്ഞാണ് കുഞ്ഞ് സ്വയം ശ്വസിച്ചത്. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് ഐ.സി.യുവിലെ ബബിൾ സി- പാപ്പ് സംവിധാനത്തിലേയ്ക്ക് മാറ്റി. പൂർണ വളർച്ചയെത്താത്ത കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന നേത്രരോഗങ്ങൾ മാറ്റാനും ചികിത്സ നൽകി. രണ്ടര മാസം കഴിഞ്ഞ് ആഗസ്റ്റ് ഏഴിന് ആശുപത്രി വിടുമ്പോൾ 380 ഗ്രാമിൽ നിന്ന് ശരീരഭാരം ഒന്നര കിലോയായി ഉയർന്നിരുന്നു.

# അതിജീവനം വെല്ലുവിളി

കാശ്‌വിക്ക് നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ല. ഭാരം 1.6 കിലോയായി. മൂന്നു വർഷം കൂടി പരിചരണം തുടരണം. സാധാരണ കുട്ടിയെപ്പോലെ അവൾക്ക് വളരാൻ കഴിയും.

ഡോ. റോജോ ജോ

# ദക്ഷിണേന്ത്യയിൽ രണ്ടാമത്

ദക്ഷിണേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ കുഞ്ഞാണ് കാശ്‌വി. ഹൈദരാബാദിൽ ജനിച്ച ഏറ്റവും ഭാരംകുറഞ്ഞ ശിശുവും കാശ്‌വിയും തമ്മിൽ അഞ്ചു ഗ്രാം മാത്രമേ വ്യത്യാസമുള്ളൂ.

ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ

ഡയറക്ടർ

ലൂർദ്ദ് ആശുപത്രി

# ആത്മസമർപ്പണത്തിന്റെ വിജയം

കുഞ്ഞിനെ വേണോ വേണ്ടയോ എന്നാണ് ഡോ. റോജോ എന്നോട് ചോദിച്ചത്. അത്രയ്ക്കു ഗുരുതരമായിരുന്നു അവളുടെ സ്ഥിതി. ഏറ്റവും നല്ലതെന്ന് തോന്നുന്നത് ചെയ്തോളൂവെന്ന് പറഞ്ഞു. വലിയ സംഘം നടത്തിയ ആത്മസമർപ്പണവും ശാസ്ത്രത്തിന്റെ വിജയവുമാണ് കുഞ്ഞിന്റെ ജീവൻ നിലനിറുത്തിയത്.

ഡോ. ദിഗ് വിജയ്

കാശ്‌വിയുടെ അച്ഛൻ