കൊച്ചി: വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷൻ നിഷ്‌പാദുക കർമലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മൽ പത്താം പീയൂസ് പ്രോവിൻസിന്റെ സഹകരണത്തോടെ 'ഭാരതത്തിൽ കർമല സാകല്യത്തിന്റെ 400 വർഷങ്ങൾ (1619-2019): കർമല കേരളവും വരാപ്പുഴ അതിരൂപതയും' എന്ന കൊളോക്വിയം സംഘടിപ്പിക്കുന്നു. എറണാകുളം സെമിത്തേരിമുക്ക് കാർമൽ ഹാളിൽ ഒരുക്കുന്ന ഏകദിന വിചാരസദസ് ആഗസ്റ്റ് 26ന് രാവിലെ 10ന് കേരള പൊലീസ് മുൻ ഡയറക്ടർ ജനറൽ ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ അധ്യക്ഷത വഹിക്കും.
ഇഗ്‌നേഷ്യസ് ഗൊൺസാൽവസ്, റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ, ജോൺ പോൾ, സിസ്റ്റർ ഡോ. ട്രീസ, ഡോ. പ്രീമൂസ് പെരിഞ്ചേരി, റവ. ഡോ. സഖറിയാസ് കരിയിലക്കുളം, ഫാ. സേവ്യർ പടിയാരംപറമ്പിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ഇതോടനുബന്ധിച്ച് ബോണി തോമസ് ക്യുറേറ്റ് ചെയ്യുന്ന ഫ്‌ളോസ് കർമേലി എക്‌സിബിഷൻ കാർമൽ ഹാളിൽ ഒരുക്കും. കേരളത്തിലെ ലത്തീൻ സഭയുടെയും സമുദായത്തിന്റെയും അനന്യമായ ചരിത്രവും പൈതൃകവും വീണ്ടെടുത്ത് തലമുറകൾക്കു പകർന്നുനൽകാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ കൊളോക്വിയവും പ്രദർശനവുമെന്ന് വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷൻ ഡയറക്ടർ മോൺ. ജോസഫ് പടിയാരംപറമ്പിൽ, സംഘാടക സമിതി വൈസ് ചെയർമാൻ റവ. ഡോ. പ്രസാദ് തെരുവത്ത് ഒസിഡി എന്നിവർ പറഞ്ഞു.