പെരുമ്പാവൂർ: വട്ടക്കാട്ടുപടിയിലെ സാന്ത്വനം കൂട്ടായ്മ പ്രളയബാധിത പ്രദേശങ്ങളിലെ നിർദ്ധനർക്ക് 10 വീടുകൾ നിർമിച്ച് നൽകാൻ തീരുമാനിച്ചു. പ്രളയത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ട ഏറ്റവും നിർദ്ധനരായ 10 കുടുംബങ്ങൾക്ക് ആശ്വാസമേകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം കൂട്ടായ്മയിലൂടെ നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അഞ്ചു വീടുകൾ നിർമിച്ചു നൽകിയിരുന്നു.
നാലു വർഷം മുമ്പ് രൂപീകരിച്ച കൂട്ടായ്മയിലൂടെ അട്ടപ്പാടി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലടക്കം 21 നിർദ്ധന യുവതികളുടെ വിവാഹം നടത്തിയിരുന്നു തുടക്കം. മൂന്നു ലക്ഷം വീതം ചെലവുവന്നു. ഓരോ പ്രദേശങ്ങളിലെ മഹല്ലിലേയും വിവിധ സംഘടനകളിൽ നിന്നും അപേക്ഷ സ്വീകരിക്കുകയും തുടർന്നുള്ള അന്വേഷണത്തിലുമാണ് അർഹരായവരെ കണ്ടെത്തുന്നത്. 30 അംഗ കമ്മിറ്റിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.