മൂവാറ്റുപുഴ: പ്രളയദുരിതബാധിതരുടെ അതിജീവനത്തിന് മുളവൂർ ചാരിറ്റി കൈത്താങ്ങായി മാറുന്നു. മലബാറിലെ ദുരന്തമേഖലയിലേയ്ക്ക് നാടെങ്ങുംനിന്ന് സഹായങ്ങൾ ഒഴുകിയെത്തുമ്പോൾ മുളവൂർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിഭവസമാഹരണയജ്ഞം നാടെറ്റെടുക്കുകയായിരുന്നു. മുളവൂരിലും സമീപ പ്രദേശങ്ങളിലുള്ളവരും പ്രവാസികളും വിവിധ സംഘടനകളും ചാരിറ്റിയുമായി കൈകോർക്കുകയായിരുന്നു.
അരി, പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുള്ള വസ്ത്രങ്ങൾ, ക്ലീനിംഗ് ഉപകരണങ്ങൾ, കുടിവെള്ളം തുടങ്ങിയവയാണ് മുളവൂരിൽ നിന്നും മലബാറിലേക്ക് കൊണ്ടുപോകുന്നത്. യുവാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ദുരന്ത ഭൂമിയിലേക്ക് വിഭവങ്ങളുമായി പത്തുയുവാക്കളാണ് യാത്ര തിരിച്ചത്. മലപ്പുറത്തേയും വയനാട്ടിലേയും നിലമ്പൂരിലേയും ദുരിതാശ്വാസ ക്യാമ്പുകളിലും കോളനികളിലുമടക്കമാണ് വിഭവങ്ങൾ വിതരണം ചെയ്തത്.
ചാരിറ്റി രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് മുളവൂരിൽ നിറസാന്നിദ്ധ്യമായി മാറിയതോടെ നിരവധി പേർക്ക് ചികിത്സാ, വിവാഹ ധനസഹായങ്ങൾ നൽകി സഹായിച്ചു. മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ റവന്യൂ വകുപ്പുമായി സഹകരിച്ച് ഭക്ഷണ വിതരണവും ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്തതടക്കം ശ്രദ്ധേയമായ പ്രവർത്തനവും നടത്തിവരുന്നു. കാറ്ററിംഗ് സർവീസുകൾ നടത്തിയും സുമനസുകളുടെ സഹായം സ്വീകരിച്ചുമാണ് പ്രവർത്തനഫണ്ട് സമാഹരിക്കുന്നത്. പ്രസിഡന്റ് കെ.എം. അബ്ദുൽ കരീം, സെക്രട്ടറി വി.കെ. റിയാസ്, ട്രഷറർ അസീസ് കുഞ്ചാട്ട്, എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് .