പറവൂർ : മുനമ്പം അഭിലാഷ് വധക്കേസിലെ ആറ് പ്രതികളെ പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ഓരോരുത്തരും 50,000 രൂപ പിഴയടയ്ക്കണം. മുനമ്പം സ്വദേശികളായ അറമിപ്പറമ്പിൽ ബൈജു (55), സഹോദരങ്ങളായ കൃഷ്ണകുമാർ (44), ബാബു (42), ഇരിങ്ങാംതുരുത്തി രമേഷ് (44), ഇടക്കൂക്കാരൻ സുരേഷ് (55), കണ്ണിക്കിപ്പറമ്പിൽ കുമാർ (47) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി കൂടുതൽ തടവുശിക്ഷ അനുഭവിക്കണം. മുനമ്പം കുറിഞ്ഞിപ്പറമ്പിൽ കെ.ടി.അഭിലാഷ് (27) ആണ് കൊല്ലപ്പെട്ടത്. പ്രതികൾ അടയ്ക്കുന്ന തുക അഭിലാഷിന്റെ കുടുംബത്തിന് നൽകും. രണ്ടു സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. 2005 മേയ് 19ന് രാത്രി എട്ടു മണിയോടെ ചെറായി പാടുത്തുവെച്ചാണ് സംഭവം. പ്രതിശ്രുത വധുവുമായി ബൈക്കിൽ യാത്ര ചെയ്ത അഭിലാഷിനെ കാറിൽ പിന്നാലെയെത്തിയ പ്രതികൾ ഇടിച്ചു വീഴ്ത്തി ഓടിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പറവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ. സലിമാണ് കേസ് അന്വേഷിച്ച് 2,100ലധികം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മൊഴികളാണ് കേസിൽ നിർണായകമായത്.